
തുടക്കം ബിപിഎലിൽ, ഇനി ബിജെപിയുടെ അമരത്ത്; ആ മടങ്ങിവരവിൽ ‘രാജീവം’ വിടരുമോ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും തിരുവനന്തപുരത്ത് അടുത്ത 5 വർഷവും താൻ ഉണ്ടാകുമെന്നായിരുന്നു, തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായപ്പോൾ പറഞ്ഞിരുന്നത്. കടുത്ത പോരാട്ടത്തിനൊടുവിൽ ശശി തരൂരിനോട് പരാജയപ്പെട്ടപ്പോൾ പക്ഷേ മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കു തൊട്ടുമുൻപ് ‘ഞാൻ പൊതുപ്രവർത്തനം’ അവസാനിപ്പിക്കുന്നു എന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു, രാജീവ് ചന്ദ്രശേഖർ. അന്ന് പാർട്ടി നിർദേശത്തിനു വഴങ്ങി പോസ്റ്റ് പിൻവലിച്ചത് വെറുതെയായിരുന്നില്ലെന്നാണ് ഇപ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം സൂചിപ്പിക്കുന്നത്.
തിരുവനന്തപുരത്ത് വീട് വാങ്ങിയ രാജീവ്, അടുത്ത തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഒരു ഘട്ടത്തിൽ രാജീവിന്റെ പേര് സജീവമായി ഉയർന്നു കേട്ടിരുന്നു. ‘‘എനിക്ക് സാധ്യതയുണ്ട്, എല്ലാവർക്കും സാധ്യതയുണ്ട്. എനിക്ക് കിട്ടുന്ന വിവരം അനുസരിച്ച് മാർച്ചിൽ അധ്യക്ഷനെ സംബന്ധിച്ച തീരുമാനമുണ്ടാകും’’ എന്നായിരുന്നു അഭ്യൂഹങ്ങൾ തള്ളാതെ രാജീവിന്റെ പ്രതികരണം. രാജീവ് കേന്ദ്രനേതൃത്വത്തെ താൽപര്യക്കുറവ് അറിയിച്ച പശ്ചാത്തലത്തിൽ കെ.സുരേന്ദ്രൻ, എം.ടി.രമേശ്, ശോഭാ സുരേന്ദ്രൻ തുടങ്ങിയവരുടെ പേര് വീണ്ടും സജീവമായപ്പോഴാണ്, കോർ കമ്മിറ്റി രാജീവിനെ തന്നെ തിരഞ്ഞെടുത്തത്. എല്ലാ വിഭാഗത്തെയും, പ്രത്യേകിച്ച് യുവജനങ്ങളെ ആകര്ഷിക്കാന് പറ്റുന്ന നേതാവ് സംസ്ഥാന അധ്യക്ഷനായി വരണമെന്ന നിലപാടിലായിരുന്നു ബിജെപി ദേശീയ നേതൃത്വം.
∙ തുടക്കം സംരംഭകനായി
വ്യോമസേനാ ഉദ്യോഗസ്ഥനായ എം.കെ.ചന്ദ്രശേഖറിന്റെയും വല്ലി ചന്ദ്രശേഖറിന്റെയും മകനായി 1964ല് അഹമ്മദാബാദിലാണ് രാജീവിന്റെ ജനനം. തൃശൂർ ദേശമംഗലം സ്വദേശികളാണ് മാതാപിതാക്കൾ. തൃശൂരിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷമാണ് രാജീവ് തുടർപഠനത്തിനായി ബെംഗളൂരുവിലേക്ക് പോകുന്നത്. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നു ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും ഷിക്കാഗോ ഇലിനോയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നു കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. അച്ഛനെപ്പോലെ പൈലറ്റ് ആകാനാണ് കൊതിച്ചതെങ്കിലും കാഴ്ച പരിമിതി തടസ്സമായതോടെയാണ് സംരംഭകത്വത്തിലേക്ക് തിരിഞ്ഞത്.
1994ൽ ബിപിഎൽ മൊബൈൽ സ്ഥാപിച്ചതാണ് രാജീവിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. 2005ൽ ബിപിഎൽ കമ്യൂണിക്കേഷൻസിന്റെ 64 ശതമാനം ഓഹരി എസാർ ഗ്രൂപ്പിനു വിറ്റത് 8,214 കോടി രൂപയ്ക്ക്. അതേ വർഷം തന്നെ സ്റ്റാർട് അപ് സംരംഭങ്ങൾക്കായി നിക്ഷേപം നടത്തുന്ന ജൂപിറ്റർ ക്യാപ്പിറ്റൽ എന്ന സംരംഭത്തിന് അദ്ദേഹം ബെംഗളൂരുവിൽ തുടക്കം കുറിച്ചു. 2024ൽ ലോക്സഭാ തിരഞ്ഞെടുപ്പിന് നൽകിയ നാമനിർദ്ദേശ പത്രിക പ്രകാരം ചന്ദ്രശേഖറിന് 23.65 കോടി രൂപയുടെ ആസ്തിയുണ്ട്.
∙ രാഷ്ട്രീയം
2006 മുതൽ 2018 വരെയുള്ള കാലയളവിൽ തുടർച്ചയായി രണ്ടു തവണ കർണാടകയിൽനിന്നുള്ള സ്വതന്ത്ര രാജ്യസഭാംഗമായിരുന്നു രാജീവ് ചന്ദ്രശേഖർ. 2007ൽ പ്രതിപക്ഷ എംപിയായിരിക്കെ, 2 ജി സ്പെക്ട്രം അഴിമതിയെക്കുറിച്ചു പാർലമെന്റിൽ ആദ്യം ശബ്ദമുയർത്തിയത് രാജീവ് ചന്ദ്രശേഖറാണ്. സ്പെക്ട്രം ലേല മാഫിയയുടെ സമ്മർദത്തിനു വഴങ്ങാതെ 3 ജി ലേല നടപടികൾ സുതാര്യമായി നടന്നതിനു പിന്നിലും രാജീവിന്റെ പരിശ്രമങ്ങളായിരുന്നു. 2016ൽ എൻഡിഎ കേരള ഘടകം വൈസ് ചെയർമാനായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രാജീവിനെ നിയമിച്ചു.
2018 ൽ തുടർച്ചയായി മൂന്നാം തവണയും കർണാടകയിൽനിന്നുതന്നെ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2021 രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിൽ ഐടി, നൈപുണ്യവികസന വകുപ്പ് മന്ത്രി. 2024ൽ ‘തിരുവനന്തപുരത്തിനൊരു കേന്ദ്രമന്ത്രി’ എന്ന പ്രഖ്യാപനവുമായാണ് രാജീവ് ചന്ദ്രശേഖറിനെ ബിജെപി തിരുവനന്തപുരത്ത് മത്സരിപ്പിച്ചത്. ശശി തരൂരിനോട് പരാജയപ്പെട്ടെങ്കിലും കടുത്ത പോരാട്ടം കാഴ്ചവയ്ക്കാൻ രാജീവിനായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കില്ലെന്ന് തരൂർ വ്യക്തമാക്കിയതോടെ നേരിയ വോട്ടിനു കൈവിട്ട പാർലമെന്റ് മണ്ഡലം 2029ൽ തിരിച്ചുപിടിക്കാമെന്നാണ് രാജീവിന്റെ കണക്കുക്കൂട്ടൽ. 2026ൽ നേമത്ത് നിന്ന് രാജീവ് മത്സരിക്കാനുള്ള സാധ്യതയും ബിജെപി നേതാക്കൾ പങ്കുവയ്ക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ നേമത്ത് തരൂരിനെക്കാൾ ഇരുപത്തിയൊന്നായിരത്തിലധികം വോട്ടുകൾ രാജീവ് അധികം നേടിയിരുന്നു.