ന്യൂഡൽഹിയിൽ റൺവേയിലൂടെ നീങ്ങിക്കൊണ്ടിരുന്ന വിമാനത്തിനുള്ളിൽ യാത്രക്കാർ എഴുന്നേറ്റുനിന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഈ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ വിമാനയാത്രക്കാരുടെ സുരക്ഷയെക്കുറിച്ചും പൊതുസ്ഥലങ്ങളിലെ പെരുമാറ്റത്തെക്കുറിച്ചും ഗൗരവമായ ചർച്ചകളാണ് രൂപപ്പെട്ടിരിക്കുന്നത്.
അമിതാവ് ദാസ് എന്ന യാത്രക്കാരനാണ് വിമാനത്തിനുള്ളിലെ ഈ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടത്. വിമാനം റൺവേയിലൂടെ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ നിരവധി യാത്രക്കാർ സീറ്റുകളിൽ നിന്ന് എഴുന്നേറ്റു നിൽക്കുന്നതായി ഈ വിഡിയോയിൽ വ്യക്തമായി കാണാൻ സാധിക്കും.
‘‘യാത്രക്കാർ നിൽക്കുകയാണ്, പക്ഷേ വിമാനം നീങ്ങുന്നുണ്ട്. ഇതാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ അവസ്ഥ.
നിങ്ങൾക്ക് കാണാം’’– അമിതാവ് വിഡിയോയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഈ പോസ്റ്റ് ശ്രദ്ധയിൽപെട്ടയുടൻ എയർഇന്ത്യ എക്സ്പ്രസ് അധികൃതർ സംഭവത്തിൽ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തി.
വിമാനത്തിലുണ്ടായ ഇത്തരത്തിലുള്ള ഒരു സാഹചര്യത്തിൽ കമ്പനി ആത്മാർഥമായി ഖേദം പ്രകടിപ്പിച്ചു. ‘‘പ്രിയ അമിതാവ്, IX 1236 എന്ന വിമാനത്തിലുണ്ടായ സാഹചര്യം മൂലം നിങ്ങൾക്കുണ്ടായ ആശങ്കയിൽ ഞങ്ങൾ ആത്മാർഥമായി ഖേദം പ്രകടിപ്പിക്കുന്നു.
സുരക്ഷയ്ക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. എല്ലാ പ്രവർത്തനങ്ങളും സുരക്ഷാ നടപടിക്രമങ്ങൾ അനുസരിച്ചാണ് നടത്തുന്നതെന്നും ഉറപ്പുനൽകുന്നു.
യാത്രയിലുടനീളം സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വിമാനത്തിൽ ഉണ്ടാകാവുന്ന ഏതു സാഹചര്യത്തെ നേരിടാനും ഞങ്ങളുടെ ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. നിങ്ങളുടെ നിരീക്ഷണം പങ്കുവെച്ചതിന് നന്ദി’’– എയർ ഇന്ത്യ എക്സ്പ്രസ് എക്സിൽ കുറിച്ചു.
അതേസമയം, സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ വിഡിയോ യാത്രക്കാരുടെ പെരുമാറ്റരീതികളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. വിമാനയാത്രകളിൽ എപ്പോഴും ജീവനക്കാരുടെ കർശന നിർദേശങ്ങൾ പാലിക്കേണ്ടതിന്റെയും മികച്ച പൗരബോധം പുലർത്തേണ്ടതിന്റെയും പ്രാധാന്യം പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

