ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി.
സിദ്ദിഖ് വ്യക്തമാക്കി. കർഷകരുടെ ക്ഷേമം ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, അതിന്റെ ഭാഗമായി ശക്തവും കാര്യക്ഷമവുമായ വിപണി ഇടപെടലുകളാണ് കൃഷിവകുപ്പ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തുടനീളം 2000 കർഷകച്ചന്തകൾ പ്രവർത്തനം ആരംഭിച്ചതായി മന്ത്രി അറിയിച്ചു. കുടപ്പനക്കുന്ന് കൃഷിഭവനിൽ ‘ഓണസമൃദ്ധി’ കർഷക ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനവും വിൽപ്പനയും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷിഭവനുകൾ കേന്ദ്രീകരിച്ച് 1074 ചന്തകളും ഹോർട്ടികോർപ്പിന്റെ 766 ചന്തകളും ബാക്കി വി.എഫ്.പി.സി.കെ ചന്തകളും ഉൾപ്പെടെയാണ് സംസ്ഥാനത്താകെ 2000 ഓണച്ചന്തകൾ സജ്ജീകരിച്ചിരിക്കുന്നത്. പൊതുവിപണിയിലെ മൊത്തവ്യാപാര വിലയേക്കാൾ കുറഞ്ഞത് പത്തു ശതമാനം കൂടുതൽ തുക നൽകി കർഷകരിൽ നിന്ന് പച്ചക്കറികൾ ശേഖരിക്കുമ്പോൾ, പൊതുജനങ്ങൾക്കായി മുപ്പത് ശതമാനം വരെ വിലക്കുറവിൽ വിഷരഹിതവും ഗുണമേന്മയുള്ളതുമായ പച്ചക്കറികൾ ഈ ചന്തകളിലൂടെ ലഭ്യമാക്കും.
ജൈവ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇരുപത് ശതമാനം വരെ അധിക വില നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഹോർട്ടികോർപ്പ് വഴി കർഷകർക്ക് നൽകാനുണ്ടായിരുന്ന 2 കോടി 73 ലക്ഷത്തോളം രൂപയുടെ കുടിശ്ശിക പൂർണ്ണമായും വിതരണം ചെയ്തുവരികയാണെന്നും വി.എഫ്.പി.സി.കെ നൽകാനുള്ള തുകയും ഈ മാസത്തിനകം കൊടുത്തുതീർക്കുമെന്നും മന്ത്രി അറിയിച്ചു.
ജനങ്ങൾക്ക് പൂർണ്ണ ആശ്വാസമേകാൻ സജ്ജമാക്കിയ ഈ കർഷകച്ചന്തകൾ പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ചടങ്ങിൽ കർഷകനായ ലിൻസ് കുമാറിൽ നിന്ന് പച്ചക്കറികൾ സംഭരിച്ച് മുതിർന്ന കർഷകൻ മദനദേവൻ നായർക്ക് കൈമാറി മന്ത്രി ആദ്യവിൽപ്പന നിർവഹിച്ചു.
മികച്ച വനിതാ കർഷകയായ ശ്രീജയെ മന്ത്രി ചടങ്ങിൽ ആദരിച്ചു. ഇതിനുപുറമേ പുഞ്ചക്കരി വികസന സമിതിയുടെ നേതൃത്വത്തിൽ പൂവണി പുഷ്പകൃഷിയുടെ വിപണന ഉദ്ഘാടനവും നടന്നു.
കിണവൂർ വാർഡ് കൗൺസിലർ ബി. സുഭാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടപ്പനക്കുന്ന് വാർഡ് കൗൺസിലർ അനിത എസ്, കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി സുഭാഷ്, ഹോർട്ടികോർപ്പ് മാനേജിംഗ് ഡയറക്ടറും കൃഷി അഡീഷണൽ ഡയറക്ടറുമായ സിന്ധു എസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ദീപ വി, ആത്മ പ്രോജക്ട് ഡയറക്ടർ ഷക്കീല പി, മറ്റ് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ സന്നിഹിതരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

