കൊല്ലം കല്ലുംതാഴം ഉയരപ്പാതയുടെ ഒരു ഭാഗത്തെ നിർമാണം പൂർത്തിയാക്കി ജൂലൈ 22ന് ഗതാഗതത്തിന് തുറക്കുമെന്ന ദേശീയപാത അതോറിറ്റിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല. കല്ലുംതാഴം ഉയരപ്പാത മുതൽ റെയിൽവേ പാലം വരെയുള്ള ഏകദേശം 200 മീറ്റർ ദൂരത്തിലുള്ള നിർമാണ പ്രവർത്തനങ്ങളാണ് ഇഴഞ്ഞുനീങ്ങുന്നത്.
മഴയില്ലെങ്കിൽ 22ഓടെ കിഴക്കുഭാഗം ഗതാഗത യോഗ്യമാക്കാൻ സാധിക്കുമെന്നായിരുന്നു നിർമാണ പുരോഗതി വിലയിരുത്താൻ എത്തിയ മന്ത്രി ഷിബു ബേബി ജോണിനോട് എൻഎച്ച്എഐ അധികൃതർ വ്യക്തമാക്കിയിരുന്നത്. ഈ മാസം 14 നായിരുന്നു മന്ത്രിയുടെ സന്ദർശനം.
എന്നാൽ അതിനുശേഷം ഈ പ്രദേശത്ത് നിർമാണത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ മഴ പെയ്തിട്ടുമില്ല. ഏകദേശം ഇരുനൂറു മീറ്റർ ദൂരത്തിൽ രണ്ടടി ഉയരത്തിലെങ്കിലും മണ്ണിട്ട് ഉയർത്തിയാൽ മാത്രമേ ടാറിങ് ജോലികളിലേക്ക് കടക്കാൻ സാധിക്കൂ.
കൈവരിയുടെ കമ്പികൾ കെട്ടിയിട്ടുണ്ടെങ്കിലും കോൺക്രീറ്റ് പ്രവൃത്തികൾ പൂർത്തിയാകാനുണ്ട്. ആവശ്യത്തിന് മണ്ണ് ലഭ്യമല്ലാത്തതാണ് നിർമാണം വൈകാൻ കാരണമെന്ന് തൊഴിലാളികൾ വ്യക്തമാക്കുന്നു.
ഈ 200 മീറ്റർ ഭാഗം ഒഴികെ മറ്റെല്ലാ സ്ഥലങ്ങളിലും റോഡ് മാർക്കിങ്ങും സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. കല്ലുംതാഴം ഉയരപ്പാതയുടെ ഒരു ഭാഗം തുറന്നുകൊടുക്കുകയാണെങ്കിൽ നീണ്ടകര പാലത്തിനു ശേഷം കാവനാട് വഴി മൂന്നു വരി പാതയിലൂടെ തടസ്സമില്ലാതെ യാത്ര തുടരാൻ സാധിക്കും.
കടവൂർ മേൽപാല നിർമാണം നടക്കുന്ന പ്രദേശത്തും മികച്ച സർവീസ് റോഡുകളിലൂടെ യാത്ര ചെയ്യാം. എന്നാൽ ബൈപാസിൽ കല്ലുംതാഴം മേഖലയിലാണ് യാത്രാദുരിതം രൂക്ഷമായിരിക്കുന്നത്.
ഇവിടെയെത്തുന്ന വാഹനങ്ങൾ നിലവിൽ നഗരം ചുറ്റിയാണ് പോകുന്നത്. ഇടറോഡുകൾ വഴി അയത്തിൽ ഭാഗത്തേക്ക് പോകാൻ സാധിക്കുമെങ്കിലും ഇടയ്ക്കുള്ള റെയിൽവേ ലെവൽ ക്രോസുകൾ യാത്രയ്ക്ക് വലിയ തടസ്സമാകുന്നുണ്ട്.
ഈ ഭാഗത്തെ കൂടി നിർമാണം പൂർത്തിയായാൽ ബൈപാസിലൂടെ ജില്ലാ അതിർത്തി വരെ സുഗമമായി യാത്ര ചെയ്യാം. റെയിൽവേ പാലത്തിന്റെയും റോഡിന്റെയും നിർമാണത്തിനായി മാസങ്ങൾക്ക് മുൻപാണ് കല്ലുംതാഴം – അയത്തിൽ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇവിടെ സർവീസ് റോഡുകൾ ഇല്ലാത്തതിനാൽ ഗതാഗതം പൂർണമായി സ്തംഭിച്ച അവസ്ഥയിലാണ്. തുടക്കത്തിൽ മാർച്ചിൽ ഉയരപ്പാതയുടെ ഒരു വശത്തെ നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.
പിന്നീട് ഈ സമയപരിധി ഏപ്രിൽ അവസാനത്തേക്ക് നീട്ടിയെങ്കിലും അതും പാലിക്കപ്പെട്ടില്ല. മെയ് 12നു ശേഷമുള്ള മഴയാണ് നിർമാണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതെന്നാണ് എൻഎച്ച്എഐ അധികൃതരുടെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

