തിരുവനന്തപുരം: പെണ്‍കുട്ടിയെ വിവാഹം ചെയ്തു നല്‍കാത്ത വിരോധത്തില്‍ അച്ഛനെയും സഹോദരനെയും ബന്ദിയാക്കി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യപ്രതിയടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി സുധീഷ് ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്.
വിവാഹാഭ്യർത്ഥന നിരസിച്ച പെണ്‍കുട്ടിയെയും കുടുംബാംഗങ്ങളെയും ആക്രമിച്ച് കുഴിച്ചിടുന്നതിനായി വീടിന് പിന്നില്‍ പ്രതികള്‍ കുഴി വരെ തയ്യാറാക്കിയിരുന്നതായി ആറ്റിങ്ങൽ ഡിവൈഎസ്പി വ്യക്തമാക്കി. കിളിമാനൂർ സ്വദേശികളായ അനിൽ കുമാർ, മകൻ അച്ചു എന്നിവരെയാണ് കഴിഞ്ഞ വ്യാഴാഴ്ച പ്രതികള്‍ ബന്ദിയാക്കി ക്രൂരമായി മർദ്ദനത്തിനിരയാക്കിയത്.
മതിര തെറ്റിമൂട് സ്വദേശിയായ സുധീഷ്, അനിൽകുമാറിന്റെ മകളെ വിവാഹം ആലോചിക്കുകയും കുടുംബം ഈ ആവശ്യം നിരസിക്കുകയും ചെയ്തിരുന്നു. ഇതിലുള്ള പ്രതികാരമായി തികച്ചും ആസൂത്രിതമായ നീക്കമാണ് പ്രതികള്‍ നടത്തിയത്.
സുധീഷിന്റെ അമ്മൂമ്മയ്ക്ക് പഞ്ചായത്ത് അനുവദിച്ച പണിതീരാത്ത കെട്ടിടമാണ് ക്രൂരകൃത്യങ്ങൾക്കായി ഇടിമുറിയാക്കി മാറ്റിയത്. ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ ഈ മുറിയിൽ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.
വീട്ടുപണിക്കെന്ന വ്യാജേന അനിലിനെ വിളിച്ചുവരുത്തിയ ശേഷം കൈകാലുകൾ കെട്ടിയിട്ട് ആയുധങ്ങൾ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് അനിലിനെക്കൊണ്ട് മകൻ അച്ചുവിനെ അവിടേക്ക് വിളിച്ചുവരുത്തുകയും ഒരു പകലും രാത്രിയും മുഴുവൻ ക്രൂരമർദ്ദനം തുടരുകയും ചെയ്തു.
രാത്രിയായതോടെ അനിലിന്റെ ഭാര്യയെയും അവിടെ എത്തിക്കാൻ പ്രതികൾ ശ്രമം നടത്തി. ഇത് നടക്കാതെ വന്നപ്പോൾ അച്ചുവിനെ കൂട്ടി സുധീഷ് വീട്ടിലെത്തി അമ്മയെ വിളിച്ചുവരുത്താൻ ശ്രമം നടത്തി.
എന്നാൽ അച്ചു വിവരം അമ്മയോട് വെളിപ്പെടുത്തിയതോടെ സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഉടൻതന്നെ പൊലീസ് ഇടപെട്ട് അനിലിനെ മോചിപ്പിച്ചു.
പൊലീസ് എത്തുന്നതിന് മുമ്പ് ബൈക്കും മൊബൈൽ ഫോണും ഉപേക്ഷിച്ച സുധീപും കൂട്ടാളികളായ ആരോമൽ, ലാൽ കൃഷ്ണ, അരുണ്‍ എന്നിവർ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു. പഴനിയിലെത്തി തല മൊട്ടയടിച്ച ശേഷം ചിതറയിലുള്ള ഒരു പാറമടയിൽ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു പ്രതികള്‍.
പൊലീസ് അന്വേഷണം ശക്തമാക്കിയതിനെ തുടർന്ന് പ്രതികളിൽ മൂന്നുപേർ രാവിലെയും മുഖ്യപ്രതി സുധീഷ് ഉച്ചയ്ക്ക് ശേഷവും കീഴടങ്ങുകയായിരുന്നു. സുധീഷിൽ നിന്ന് ഇതിനുമുമ്പും തങ്ങള്‍ക്ക് ഭീഷണിയുണ്ടായിട്ടുണ്ടെന്ന് മർദ്ദനമേറ്റ അനിൽ കുമാർ വെളിപ്പെടുത്തി.
കിളിമാനൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

