ഗാങ്ടോക്ക് ∙ സിക്കിമിലെ നാംചി ജില്ലയിൽ ജലവൈദ്യുതപദ്ധതിയുടെ നിർമാണത്തിലുള്ള തുരങ്കം തകർന്ന് 20 പേർ . കോട്ടയം പാമ്പാടി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ (43) അടക്കം 5 പേരെ കാണാതായി.
തുരങ്കത്തിൽ കുടുങ്ങിയ ഇവരെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനം ഊർജിതമാക്കി. കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷനൽ ഹൈഡ്രോ പവർ കോർപറേഷൻ (എൻഎച്ച്പിസി) സിക്കിം യൂണിറ്റിന്റെ മാനേജരാണ് അനീഷ്.
തെക്കൻ സിക്കിമിലെ സമർഡൂങ്ങിൽ ടീസ്റ്റ ജലവൈദ്യുതപദ്ധതി പദ്ധതിക്കുവേണ്ടി എൻഎച്ച്പിസി നിർമിക്കുന്ന തുരങ്കമാണു തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് തകർന്നത്. അണക്കെട്ടിൽനിന്നു വൈദ്യുതോൽപാദനത്തിനായി വെള്ളമെത്തിക്കാൻ മലകൾ തുരന്നു നിർമിക്കുന്ന കൂറ്റൻ തുരങ്കമാണിത്.
ഭൂമിക്കടിയിൽ പാറ തുരക്കുന്നതിനിടെ മീഥൈൻ വാതകച്ചോർച്ച മൂലമുണ്ടായ സ്ഫോടനമാണ് തുരങ്കം തകരാൻ കാരണമെന്നുമാണ് വിവരം. അപകടസമയത്ത് തുരങ്കത്തിൽ അനീഷും മറ്റ് ഉദ്യോഗസ്ഥരും തൊഴിലാളികളുമടക്കം 25 പേരുണ്ടായിരുന്നു.
ഖനിയപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്ന ബംഗാളിൽനിന്നുള്ള വിദഗ്ധരുടെ സംഘവും സംഭവസ്ഥലത്തെത്തി. ഡൽഹിയിലുള്ള അനീഷിന്റെ ഭാര്യ സംഗീത സിക്കിമിലേക്കു പുറപ്പെട്ടിട്ടുണ്ട്.
വാതകച്ചോർച്ചയുടെ കാരണം കണ്ടെത്താൻ സിക്കിം സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ 4 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു.
പരുക്കേറ്റവർക്ക് 50,000 രൂപ നൽകും.

