ക്ഷേത്രങ്ങളിലെ കൊടിമര നിർമ്മാണത്തിനായി ലക്ഷണമൊത്ത തേക്കുമരങ്ങൾ തേടുന്നവരുടെ പ്രധാന കേന്ദ്രമായി മീനച്ചിൽ താലൂക്കിലെ വിവിധ പഞ്ചായത്തുകൾ മാറുന്നു. ഇവിടുത്തെ തേക്കുമരങ്ങൾ കേരളത്തിനകത്തും തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലെയും നിരവധി ക്ഷേത്രങ്ങളിൽ കൊടിമരങ്ങളായി ഉയർന്നു നിൽക്കുന്നു.
കൊല്ലം പുത്തൂർ ചെറുമങ്ങാട് ചെരുവിൽ ദേവി ക്ഷേത്രത്തിലെ കൊടിമര നിർമ്മാണത്തിനായി ഭാരവാഹികൾ നടത്തിയ അന്വേഷണം ഒടുവിൽ മരങ്ങാട്ടുപിള്ളി പൈക്കാട് പകലോമറ്റം കുമ്പിളുങ്കൽ ഷാജുവിന്റെ പുരയിടത്തിലാണ് എത്തിയത്. എരുമേലി സ്വദേശിയായ വ്യഷാചാര്യ ബിൻസ് ഔസേപ്പച്ചനാണ് തന്റെ 81–ാമത് കൊടിമര നിർമ്മാണത്തിനായി ഈ തേക്കുമരം കണ്ടെത്തിയത്.
ക്ഷേത്രാചാരപ്രകാരമുള്ള കർശനമായ മാനദണ്ഡങ്ങൾ പാലിക്കുന്ന തേക്കുമരങ്ങൾ ലഭിക്കുന്നു എന്നതാണ് മീനച്ചിൽ താലൂക്കിനെ ഇതിനകം പ്രശസ്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ മാത്രം നൂറോളം ക്ഷേത്രങ്ങളിലേക്ക് പാലാ മേഖലയിൽ നിന്ന് ഇത്തരത്തിൽ തേക്കുമരങ്ങൾ കൊണ്ടുപോയിട്ടുണ്ട്.
വൃക്ഷപൂജകൾക്ക് ശേഷം വർണത്തുണികളിൽ പൊതിഞ്ഞ് ഘോഷയാത്രയായാണ് ഈ മരങ്ങൾ ക്ഷേത്രങ്ങളിലേക്ക് എത്തിക്കുന്നത്. കൊടിമരത്തിനായി തിരഞ്ഞെടുക്കുന്ന മരങ്ങൾക്ക് പൊതുവേ ശിഖരങ്ങൾ കുറവായിരിക്കണം.
40 മുതൽ 60 അടി വരെ ഉയരവും ഒരേ വണ്ണവുമുള്ള മരങ്ങൾക്കാണ് ഡിമാൻഡ് കൂടുതൽ. മരം തിരഞ്ഞെടുക്കുമ്പോൾ വളവ്, ചെരിവ്, പക്ഷിക്കൂടുകൾ, ഇത്തിൾ എന്നിവയില്ലാത്ത മരങ്ങളാണ് കൃത്യതയ്ക്കായി നോക്കുന്നത്.
മരങ്ങാട്ടുപിള്ളി പൈക്കാട് പകലോമറ്റം കുമ്പിളുങ്കൽ ഷാജുവിന്റെ പുരയിടത്തിൽ നിന്ന് കൊല്ലം പുത്തൂർ ചെറുമങ്ങാട് ചെരുവിൽ ദേവി ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്ന മരത്തിന് 75 ഇഞ്ച് വണ്ണവും മുകൾ ഭാഗത്തിന് 50 ഇഞ്ച് വണ്ണവുമുണ്ട്. 50 അടി ഉയരമുള്ള ഈ മരം ദ്വജപ്രതിഷ്ഠയ്ക്കായി ഉപയോഗിക്കും.
വെട്ടിമാറ്റുന്ന തേക്കുകൾ ഔഷധക്കൂട്ട് ചേർത്ത എണ്ണത്തോണിയിലിട്ട് പ്രത്യേക രീതിയിൽ സംസ്കരിച്ച ശേഷമാണ് കൊടിമരമായി രൂപപ്പെടുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

