കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം നടപ്പിലാക്കുന്നതിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി. പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
എല്ലാ ബസുകളിലും സൗജന്യയാത്ര അനുവദിക്കുകയാണെങ്കിൽ കോർപ്പറേഷന് 112 കോടി രൂപയുടെ നഷ്ടം സംഭവിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര പരിമിതപ്പെടുത്തിയാൽ 57 കോടിയും, സിറ്റി ഫാസ്റ്റ്-ഓർഡിനറി സർവീസുകളിൽ നടപ്പിലാക്കിയാൽ 90 കോടി രൂപയുമാണ് നഷ്ടം പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ മൂന്നു മാസത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് കെഎസ്ആർടിസി എംഡി ഗതാഗത വകുപ്പ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.
ജൂൺ 15 മുതൽ പദ്ധതി നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ പ്രതികരിച്ചു. “ആശങ്കപ്പെടേണ്ട
സാഹചര്യമില്ലെന്നും ചർച്ചകൾ പുരോഗമിക്കുന്നുവെന്നും” അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാലുടൻ അന്തിമ തീരുമാനമുണ്ടാകും.
140 കിലോമീറ്റർ വരെയുള്ള ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുകയെന്നാണ് സൂചന. ദീർഘദൂര സർവീസുകൾ പരിഗണനയിലുണ്ടെങ്കിലും, അത് ആഴ്ചയിൽ മൂന്നോ നാലോ ദിവസങ്ങളായി ചുരുക്കുന്ന കാര്യവും സർക്കാരിന്റെ ആലോചനയിലുണ്ട്.
അതേസമയം, സൗജന്യ യാത്രയ്ക്കായി ആവശ്യമായ തുക കണ്ടെത്താനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് സർക്കാർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. കൂടാതെ, സ്വകാര്യ ബസ് സർവീസുകളെ ഈ പദ്ധതി ദോഷകരമായി ബാധിക്കുമെന്ന ആശങ്കയും വിവിധ സംഘടനകൾ ഉന്നയിച്ചിട്ടുണ്ട്.
സ്വകാര്യ ബസ് ജീവനക്കാരുടെ താൽപ്പര്യങ്ങൾ കൂടി സംരക്ഷിച്ചുകൊണ്ട് വേണം യുഡിഎഫ് സർക്കാരിന്റെ ആദ്യ തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർത്ഥ്യമാക്കാനെന്നാണ് ആവശ്യം ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

