കണ്ണൂർ ജില്ലയിലെ മയ്യിൽ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം വീണ്ടും രൂക്ഷമായിരിക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി കാർഷിക മേഖലയ്ക്കും ജനജീവിതത്തിനും വലിയ ഭീഷണിയാണ് ഈ ഒച്ചുകൾ ഉയർത്തുന്നത്.
കയരളം, മേച്ചേരി, ചെക്യാട്ടുകാവ്, ചട്ടുകപാറ തുടങ്ങിയ പ്രദേശങ്ങളിലാണ് നിലവിൽ ശല്യം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. മുൻ വർഷങ്ങളിലും ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഒച്ചുകളുടെ ആക്രമണം വ്യാപകമായിരുന്നത്.
വിളനാശം രൂക്ഷമായതോടെ, പ്രതിരോധ നടപടികൾ ആവശ്യപ്പെട്ട് നാട്ടുകാർ ഒരു വർഷം മുൻപ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിരുന്നു. വിഷയത്തിൽ മയ്യിൽ പഞ്ചായത്തിനും, കൃഷിഭവനും, ആരോഗ്യവകുപ്പിനും കമ്മിഷൻ നിർദേശം നൽകിയെങ്കിലും ഫലപ്രദമായ നടപടികൾ ഉണ്ടായില്ലെന്നാണ് ആക്ഷേപം.
അന്ന് പേരിന് ഉപ്പ് വിതറുക മാത്രമാണ് ചെയ്തതെന്ന് പൊതുപ്രവർത്തകനായ അഡ്വ.കെ.വി.മനോജ്കുമാർ ചൂണ്ടിക്കാട്ടി. അന്ന് കാര്യക്ഷമമായ ഇടപെടൽ നടത്തിയിരുന്നെങ്കിൽ ഈ വർഷം ശല്യം ഇത്രയധികം വർധിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സാഹചര്യത്തിൽ, ഒച്ച് നിർമാർജനത്തിനായുള്ള നടപടികൾ പഞ്ചായത്ത് പ്രസിഡന്റ് സി.സി.വിനോദ്കുമാറിന്റെ നേതൃത്വത്തിൽ പുനരാരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബാധിത പ്രദേശങ്ങളിൽ നാട്ടുകാരുടെ യോഗം ചേർന്ന് ബോധവൽക്കരണം നൽകി.
വരും ദിവസങ്ങളിൽ കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ വിദഗ്ധരുടെ സഹായത്തോടെ ഒച്ചുകളെ പൂർണമായി നിയന്ത്രിക്കാനാണ് അധികൃതരുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

