
ദില്ലി: കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പ്രമുഖ ഇന്ത്യൻ മസാല ബ്രാൻഡുകളെ നിരോധിച്ച് ഹോങ്കോണ്ട്. എംഡിഎച്ച്, എവറസ്റ്റ് എന്നീ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളെയാണ് ഹോങ്കോങ്ങിലെ ഭക്ഷ്യസുരക്ഷാ വിഭാഗം നിരോധിച്ചത്. മദ്രാസ് എംഡിഎച്ച് ഉൽപ്പന്നങ്ങളായ കറി പൗഡർ, മിക്സഡ് മസാല പൊടി, സാംമ്പാർ മസാല എന്നിവയിലും എവറസ്റ്റിലെ ഫിഷ് കറി മസാലയിലും കാൻസറിന് കാരണമാകുന്ന കീടനാശിനിയായ എഥിലീൻ ഓക്സൈഡ് കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ കേന്ദ്രം അറിയിച്ചു.
സ്ഥിരമായി നടത്തുന്ന ഭക്ഷ്യ വസ്തു നിരീക്ഷണത്തിലാണ് നാല് ഉൽപ്പന്നങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചതെന്നും ഇവയിൽ മനുഷ്യ ശരീരത്തിന് അനുയോജ്യമല്ലാത്ത എഥിലീൻ ഓക്സൈഡിൻ്റെ സാന്നിധ്യം കണ്ടെത്തിയതെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. കീടനാശിനി അവശിഷ്ടങ്ങൾ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമായ പരിധിക്കപ്പുറം വിൽക്കുന്നത് ഹോങ്കോങ്ങ് നിരോധിച്ചതാണ്. കീടനാശിനിയുടെ അവശിഷ്ടങ്ങൾ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ആരോഗ്യത്തിന് ഹാനികരമല്ലെങ്കിൽ മാത്രമേ വിൽക്കാൻ പാടുള്ളൂവെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
ഈ ഉൽപ്പന്നങ്ങൾ കടകളിൽ നിന്ന് നീക്കം ചെയ്യാനും കച്ചവടക്കാരോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഉടമകൾക്കെതിരെ നടപടി സ്വീകരിക്കാനും സാധ്യതയുണ്ട്. സിംഗപ്പൂരിലെ ഫുഡ് ഏജൻസിയും എവറസ്റ്റിലെ ഫിഷ് കറി മസാലയ്ക്ക് നിരോധനമേർപ്പെടുത്തി. കുറഞ്ഞ അളവിലുള്ള എഥിലീൻ ഓക്സൈഡിൽ നിന്ന് ഉടനടി അപകടസാധ്യതയില്ലെന്ന് എസ്എഫ്എ വ്യക്തമാക്കിയെങ്കിലും, രാസവസ്തു മൂലം നീണ്ടുനിൽക്കുന്ന ഉപഭോഗം ആരോഗ്യത്തിന് അപകടമുണ്ടാക്കുമെന്നും അധികൃതർ പറയുന്നു. അതേസമയം, വിഷയത്തിൽ ബ്രാന്റുകൾ ഇതുവരേയും പ്രതികരിച്ചിട്ടില്ല.
Last Updated Apr 22, 2024, 3:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]