

First Published Apr 21, 2024, 4:37 PM IST
കൊല്‍ക്കത്ത: ഐപിഎല്‍ 2024 സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ചരിത്ര നേട്ടം. മൂന്ന് വിക്കറ്റ് വീണിട്ടും പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡാണ് കെകെആര്‍ സ്വന്തമാക്കിയത്.
ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പേസര്‍ മുഹമ്മദ് സിറാജിനെ തുടര്‍ച്ചയായി സിക്സിനും ഫോറിനും പറത്തിയാണ് കെകെആര്‍ ഓപ്പണര്‍ ഫില്പ് സാള്‍ട്ട് തുടങ്ങിയത്. നാലാം ഓവറില്‍ ലോക്കീ ഫെര്ഗ്യൂസണിനെ രണ്ട് സിക്സറും നാല് ഫോറിനും പറത്തി 28 റണ്‍സുമായി സാള്‍ട്ട് ടോപ് ഗിയറിലായി. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ഫിലിപ് സാള്‍ട്ടിനെ (14 പന്തില്‍ 48) മടക്കി സിറാജ് ബ്രേക്ക് ത്രൂ നേടി. തൊട്ടടുത്ത യഷ് ദയാലിന്റെ ഓവറില്‍ മറ്റൊരു ഓപ്പണര്‍ സുനില്‍ നരെയ്നും (15 പന്തില്‍ 10), ആന്‍ഗ്രിഷ് രഘുവന്‍ഷിയും (4 പന്തില്‍ 3) മടങ്ങി. കാമറൂണ്‍ ഗ്രീനിന്റെ തകര്‍പ്പന്‍ ക്യാച്ചിലായിരുന്നു രഘുവന്‍ഷിയുടെ മടക്കം. ഇതോടെ പവര്‍പ്ലേയില്‍ കെകെആറിന്റെ സ്കോര്‍ 75-3.
ഐപിഎല്‍ ചരിത്രത്തില്‍ മൂന്നോ അതിലധികമോ വിക്കറ്റ് നഷ്ടപ്പെട്ട ഒരു ടീം പവര്‍പ്ലേയില്‍ നേടുന്ന ഉയര്‍ന്ന സ്കോറാണ് ആര്‍സിബിക്കെതിരെ കെകെആര്‍ നേടിയത്. 2023ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 72-3 എന്ന സ്കോര്‍ പവര്‍പ്ലേയില്‍ നേടിയ മുംബൈ ഇന്ത്യന്‍സിന്റെ റെക്കോര്‍ഡ് കെകെആര്‍ മറികടക്കുകയായിരുന്നു. 2014ല്‍ രാജസ്ഥാന് റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റിന് 71 റണ്‍സ് നേടിയതാണ് മൂന്നാമത്.
പ്ലേയിംഗ് ഇലവനുകള്‍
ആര്‍സിബി: ഫാഫ് ഡുപ്ലസിസ് (ക്യാപ്റ്റന്‍), വിരാട് കോലി, വില്‍ ജാക്സ്, രജത് പാടിദാര്‍, കാമറൂണ്‍ ഗ്രീന്‍, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറര്‍, കരണ്‍ ശര്‍മ്മ, ലോക്കീ ഫെര്ഗൂസന്, യഷ് ദയാല്‍, മുഹമ്മദ് സിറാജ്.
കെകെആര്‍: ഫിലിപ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്, ആന്‍ഗ്രിഷ് രഘുവന്‍ഷി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), വെങ്കടേഷ് അയ്യര്‍, ആന്ദ്രേ റസല്‍, റിങ്കു സിംഗ്, രമന്ദീപ് സിംഗ്, മിച്ചല്‍ സ്റ്റാര്‍ക്ക്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ.
Last Updated Apr 21, 2024, 4:43 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]