തിരുവനന്തപുരം∙ തൃശൂർ പൂരം അട്ടിമറി കേസിൽ ക്രൈംബ്രാഞ്ച് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി ഔദ്യോഗികമായി ആഭ്യന്തരവകുപ്പിന് കൈമാറി. പൂരച്ചടങ്ങുകൾ അട്ടിമറിച്ചതിനു പിന്നിൽ തിരുവമ്പാടി ദേവസ്വത്തിലെ പ്രമുഖ ഭാരവാഹികൾ ആണെന്നാണ് ഈ റിപ്പോർട്ടിൽ പ്രധാനമായും വ്യക്തമാക്കിയിട്ടുള്ളത്.
എന്നാൽ, പൂരം കലക്കലുമായി ബന്ധപ്പെട്ട് വലിയ തോതിൽ ആരോപണങ്ങൾ നേരിട്ട മുൻ എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ യാതൊരുവിധ പരാമർശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.
മാസങ്ങൾ നീണ്ടുനിന്ന വിശദമായ അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കടേഷ് ഈ നിർണായക റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ചത്. കഴിഞ്ഞ 2024 ഒക്ടോബറിൽ ഇടതുസർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ച അന്വേഷണത്തിന്റെ അന്തിമ ഫലമാണ് ഇപ്പോൾ സർക്കാരിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്.
സർക്കാരിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് സംഘം ഈ വിഷയത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് തയ്യാറാക്കിയത്. ഈ കേസിൽ തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ഉൾപ്പെടെ ആകെ എട്ട് പേരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ലഹളയുണ്ടാക്കാൻ ശ്രമിക്കുക, സർക്കാരിനെതിരെ കലാപ ആഹ്വാനം നടത്തുക, വിവിധ വിഭാഗങ്ങൾ തമ്മിൽ സ്പർധ വളർത്തുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കുമേൽ ചുമത്തിയിരിക്കുന്നത്. പ്രമുഖ രാഷ്ട്രീയ പാർട്ടികളുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതിപ്പട്ടികയിൽ ഇടംനേടിയിട്ടുള്ളത്.
കഴിഞ്ഞ ഫെബ്രുവരിയിൽത്തന്നെ അന്വേഷണ സംഘം റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറിയിരുന്നെങ്കിലും, ആരെൊക്കെ പ്രതിചേർക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമാകാത്തതിനാൽ റിപ്പോർട്ട് വൈകുകയായിരുന്നു. ഈ സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയൊന്നുമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും, പൂരം കലക്കാനുള്ള ഏതെങ്കിലും ഗൂഢാലോചനയിൽ പൊലീസിന് പങ്കില്ലെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നു. കലക്ടറുടെയും സിറ്റി പൊലീസ് കമ്മിഷണറുടെയും നേതൃത്വത്തിൽ നടന്ന അവലോകന യോഗങ്ങളിലെ തീരുമാനങ്ങൾ പൂരദിവസം തിരുവമ്പാടി ദേവസ്വം പൂർണ്ണമായും പാലിച്ചില്ല.
കൂടാതെ, ദേവസ്വം ഏകപക്ഷീയമായ നിലപാടുകൾ സ്വീകരിച്ചതാണ് ആശയക്കുഴപ്പങ്ങൾക്കും തർക്കങ്ങൾക്കും വഴിവെച്ചതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. തിരുവമ്പാടി ദേവസ്വവുമായി ബന്ധപ്പെട്ട
ചില വ്യക്തികളുടെ രാഷ്ട്രീയ ബന്ധങ്ങളും ഇതിൽ പരാമർശിക്കപ്പെടുന്നുണ്ട്. ആർഎസ്എസുമായി ഗൂഢാലോചന നടത്തിയെന്ന് സിപിഐ ഉൾപ്പെടെയുള്ള കക്ഷികൾ ആരോപണമുന്നയിച്ച മുൻ എഡിജിപി എം.ആർ.അജിത്കുമാറിന് റിപ്പോർട്ടിൽ പൂർണ്ണമായ ക്ലീൻചിറ്റാണ് ലഭിച്ചിരിക്കുന്നത്.
ഈ വിഷയത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ എം.ആർ.അജിത്കുമാറും തിരുവമ്പാടി ദേവസ്വത്തെ കുറ്റപ്പെടുത്തിക്കൊണ്ട് തന്നെയാണ് മുൻപ് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. ദേവസ്വം ഭാരവാഹികളുടെ പേരെടുത്തു പറഞ്ഞുകൊണ്ട് അവർക്കതിരെ അജിത് കുമാറും അന്ന് റിപ്പോർട്ട് നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

