തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്കും എട്ട് മാസത്തെ കാത്തിരിപ്പിനും ഒടുവിൽ തൃശ്ശൂർ പൂരം അട്ടിമറി കേസ് അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. ക്രൈംബ്രാഞ്ച് മേധാവിയാണ് ഔദ്യോഗികമായി റിപ്പോർട്ട് സമർപ്പിച്ചത്.
സർക്കാരിന്റെ അനുമതിക്കായി ഈ റിപ്പോർട്ട് നാളെ തന്നെ ഡിജിപി സർക്കാരിന് മുൻപാകെ സമർപ്പിക്കും. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസിൽ അന്വേഷണം നടത്തിയിരുന്നത്.
തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ഉൾപ്പെടെ ആകെ എട്ട് പേരാണ് ഈ കേസിൽ പ്രതിപ്പട്ടികയിലുള്ളത്. സർക്കാർ അനുമതി ആവശ്യമായ വിവിധ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
ലഹളയുണ്ടാക്കാൻ ശ്രമിക്കുക, സർക്കാരിനെതിരായ കലാപ ആഹ്വാനം, ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർദയുണ്ടാക്കുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. തൃശ്ശൂർ പൂരം അട്ടിമറിച്ചതിന് പിന്നിൽ തിരുവമ്പാടി ദേവസ്വത്തിലെ പ്രമുഖ ഭാരവാഹികളാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ.
പ്രതിപ്പട്ടികയിലുള്ളവർ കോൺഗ്രസ്, സി.പി.എം, ബി.ജെ.പി എന്നീ പ്രധാന രാഷ്ട്രീയ പാർട്ടികളുമായി അടുത്ത ബന്ധമുള്ളവരാണെന്നും വ്യക്തമായിട്ടുണ്ട്. ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റമാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്.
എന്നാൽ രാഷ്ട്രീയപരവും പ്രാദേശികവുമായ കടുത്ത സമ്മർദ്ദങ്ങളെത്തുടർന്ന് അന്വേഷണ റിപ്പോർട്ട് മനഃപൂർവം പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന ആക്ഷേപങ്ങൾ നേരത്തെ തന്നെ ശക്തമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

