ഡൽഹിയിൽ സിജെപിയുടെ വിദ്യാർത്ഥി സമരത്തിനിടെ പൊലീസിന്റെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിലെത്തി. ജൂലൈ 20ന് നടന്ന പ്രതിഷേധ മാർച്ചിനിടെ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർത്ഥിയോടൊപ്പമാണ് അദ്ദേഹം പരാതി നൽകാൻ എത്തിയത്.
കേസ് എടുക്കാതെ പിന്മാറില്ലെന്ന ഉറച്ച നിലപാടിൽ രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം തുടരുകയാണ്. വിദ്യാർത്ഥിയുടെ പരാതിയിൽ കേസെടുക്കാൻ പൊലീസ് തയ്യാറാകാത്തതിനെ തുടർന്നാണ് പാർലമെന്റ് സ്ട്രീറ്റിലുള്ള സെൻട്രൽ ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസിന്റെ ഓഫീസിലേക്ക് രാഹുൽ ഗാന്ധി നേരിട്ടെത്തിയത്.
ആദ്യം മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലാണ് രാഹുൽ ഗാന്ധിയും വിദ്യാർത്ഥിയും എത്തിയത്. എന്നാൽ ഇവിടെ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് വിസമ്മതിച്ചതിനെ തുടർന്നാണ് അദ്ദേഹം പാർലമെന്റ് സ്ട്രീറ്റിലെ ഡിസിപി ഓഫിസിലേക്ക് എത്തിയത്.
കേസ് രജിസ്റ്റർ ചെയ്യാതെ മടങ്ങില്ലെന്ന കർശന നിലപാടിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളത്. ഡിസിപി ഓഫിസിലെത്തിയ അദ്ദേഹം പൊലീസ് നടപടിയെക്കുറിച്ചുള്ള അന്വേഷണം ഏത് ഘട്ടത്തിലാണെന്നും ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്നും ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മുകളിൽ മുതൽ താഴെ വരെ ഉത്തരവാദപ്പെട്ടവർ ആരാണോ അവർ ശിക്ഷിക്കപ്പെടണമെന്ന നിലപാടിൽ ഉറച്ചാണ് രാഹുൽ ഗാന്ധിയുടെ ഇടപെടൽ.
സിജെപി പ്രതിഷേധത്തിനിടെ ‘സൻസദ് ചലോ’ മാർച്ചിൽ വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചതിൽ ഗുരുതര ആരോപണങ്ങളാണ് ഉയർന്നിരുന്നത്. പൊലീസ് നടപടിയിൽ 19കാരനായ സാഹിൽ ലോചബ് ഉൾപ്പെടെയുള്ളവർക്ക് പരുക്കേൽക്കുകയും അദ്ദേഹത്തിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയുണ്ടാകുകയും ചെയ്തിരുന്നു.
എന്നാൽ സമരക്കാർക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു ഡൽഹി പൊലീസിന്റെയും സർക്കാരിന്റെയും ഔദ്യോഗിക വിശദീകരണം. ഈ വാദങ്ങൾ പൊളിച്ചുകൊണ്ട്, പരുക്കേറ്റ വിദ്യാർഥികളെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കുകയും ശരീരത്തിൽ നിന്ന് പെല്ലറ്റുകൾ നീക്കം ചെയ്തതിന്റെ മെഡിക്കൽ രേഖകൾ പുറത്തുവിടുകയും ചെയ്തുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതിഷേധം ശക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

