ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ ദില്ലി പൊലീസിൽനിന്ന് ക്രൂരമായ അതിക്രമങ്ങൾ നേരിടേണ്ടി വന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി വെളിപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പ്രതിഷേധത്തിനിടെ പരിക്കേറ്റ തങ്ങളെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം നഗരത്തിൽനിന്ന് 40 കിലോമീറ്ററോളം അകലെയുള്ള ഹരിയാന അതിർത്തിയോട് ചേർന്നുള്ള കാപ്പ സേരാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിയെ അദ്ദേഹം ശക്തമായി അപലപിച്ചു.
“നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർത്ഥികൾക്കൊപ്പം നിന്ന പ്രതിപക്ഷ നേതാവിനെ അറസ്റ്റ് ചെയ്തത് ഭരണകൂട അധികാരത്തിന്റെ നഗ്നമായ ദുരുപയോഗമല്ലാതെ മറ്റൊന്നുമല്ല.” എന്ന് അദ്ദേഹം കുറിച്ചു.
ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തകർത്തവർക്ക് സംരക്ഷണം ലഭിക്കുമ്പോൾ, നീതിക്കായി ശബ്ദമുയർത്തുന്നവരെ അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി. ഇത് ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേരെയുള്ള കടന്നുകയറ്റമാണെന്നും ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി പൊലീസ് ഭരണകക്ഷിയുടെ ആയുധമായി മാറിയെന്നും രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാൻ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് ബിജെപി സർക്കാരിന്റെ പതിവ് രീതിയാണെന്നും അദ്ദേഹം ആരോപിച്ചു. അറസ്റ്റുകളും ഭീഷണികളും കൊണ്ട് ജനാധിപത്യപരമായ പോരാട്ടങ്ങളെ തകർക്കാൻ കഴിയില്ലെന്നും കോൺഗ്രസ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഒപ്പം നിലകൊള്ളുമെന്നും വ്യക്തമാക്കിയ എംപി, “സത്യത്തിന്റെ ശബ്ദത്തെ അറസ്റ്റ് ചെയ്യാൻ കഴിയില്ല.
ജനാധിപത്യത്തെ വിലങ്ങുവെക്കാനാകില്ല. നീതിയെ നിശബ്ദമാക്കാനും സാധിക്കില്ല” എന്നും കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

