കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ വി.എസ്. അച്യുതാനന്ദന്റെ അസാന്നിധ്യം വലിയൊരു ശൂന്യത സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവർ വിലയിരുത്തുന്നു.
101-ാം വയസ്സിൽ അന്തരിച്ച അദ്ദേഹം ആരോഗ്യപരമായ കാരണങ്ങളാൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വർഷങ്ങൾക്ക് മുൻപേ മാറിനിന്നിരുന്നെങ്കിലും, സമകാലിക കേരള രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ നിലപാടുകളുടെ പ്രസക്തി ഇപ്പോഴും ചർച്ചയാവുകയാണ്. വി.എസിന്റെ മുൻ ഐടി ഉപദേഷ്ടാവായ ജോസഫ് സി.
മാത്യു ഇക്കാര്യത്തിൽ വ്യക്തമായ അഭിപ്രായം പങ്കുവെക്കുന്നു:
“കെട്ടിടങ്ങളിലല്ല അദ്ദേഹം ജീവിക്കുന്നത്
വി.എസിന്റെ അസാന്നിധ്യം വലിയ രീതിയിൽ അനുഭവപ്പെടുന്നുണ്ട്.. അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ എന്നു പറയാൻ സാധിക്കില്ല.
കാരണം 101ാം വയസ്സിലാണ് അദ്ദേഹം മരിക്കുന്നത്. അതിനു 3–4 വർഷം മുൻപു തന്നെ അദ്ദേഹം സജീവരാഷ്ട്രീയത്തിൽ നിന്ന് ആരോഗ്യപ്രശ്നങ്ങളാൽ മാറിയിരുന്നു.
എങ്കിലും അന്നുമുതൽ വിഎസിന്റെ അഭാവം അനുഭവപ്പെടുന്നു എന്നത് അദ്ദേഹത്തിന്റെ വലിപ്പമാണ് കാണിക്കുന്നത്. നിലവിൽ അവശേഷിക്കുന്ന നേതൃത്വത്തിന്റെയും മറ്റും നിലപാടില്ലായ്മ കൂടിയാണ് ആ വിടവ് തിരിച്ചറിയാൻ കാരണം.
മരിച്ച ശേഷം തന്നെക്കുറിച്ചു നല്ലത് പറയണമെന്നോ പെരുമ നിലനിർത്തണമെന്നോ ആയിരിക്കില്ല വിഎസ് ആഗ്രഹിച്ചിട്ടുണ്ടാകുക. കെട്ടിടങ്ങളിലോ സ്മാരകങ്ങളിലോ അല്ല അദ്ദേഹം ജീവിക്കുന്നത്.
അദ്ദേഹം സ്വീകരിച്ച നിലപാടുകൾ ഉയർത്തിപ്പിടിച്ചു നമ്മൾ മുന്നോട്ടു പോകണം എന്നതായിരിക്കും അദ്ദേഹത്തിന്റെ ആഗ്രഹം.”
വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ അഡീഷണൽ സെക്രട്ടറിയായി പ്രവർത്തിച്ച കെ. സുരേഷ് കുമാർ, വി.എസിന്റെ സാന്നിധ്യം കേരളത്തിലെ ഭരണ-പ്രതിപക്ഷ സമീപനങ്ങളിൽ വലിയ മാറ്റം വരുത്തുമായിരുന്നു എന്ന് നിരീക്ഷിക്കുന്നു:
“ആശാ വർക്കർമാരുടെ സമരം ഉണ്ടാകില്ലായിരുന്നു…
ഭരണപക്ഷത്തോ പ്രതിപക്ഷത്തോ, ഏതെങ്കിലും ഒരു പക്ഷത്തു സജീവമായി വി.എസ്.അച്യുതാനന്ദൻ ഉണ്ടായിരുന്നെങ്കിൽ കേരളത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ച ആശാ വർക്കർമാരുടെ സമരം ഉണ്ടാകില്ലായിരുന്നു.
അപമാനവും വേദനയും സഹിച്ച് മഴയത്തും കൊടും ചൂടിലും 265 ദിവസം അവർക്കു സെക്രട്ടേറിയറ്റിനു മുന്നിൽ അങ്ങനെ കിടക്കേണ്ടിവരില്ലായിരുന്നു എന്നു ഞാൻ വിശ്വസിക്കുന്നു. മഴയത്തു പൊലീസിനെ വിട്ട് സമരപ്പന്തൽ പൊളിപ്പിച്ച ക്രൂരത കാണിക്കാൻ വിഎസിന്റെ കാലത്താണെങ്കിൽ ഒരു സർക്കാരും ധൈര്യപ്പെടില്ലായിരുന്നു.
മറ്റൊന്ന്, പിണറായി വിജയന്റെ മകൾ വീണയുമായി ബന്ധപ്പെട്ട എക്സാലോജിക് അഴിമതിക്കേസാണ്.
വിഎസ് ഉണ്ടായിരുന്നെങ്കിൽ ലാവ്ലിനു സമാനമായ ഒരു പോർമുഖം പാർട്ടിക്കുള്ളിൽ അദ്ദേഹം തുറക്കുമായിരുന്നു. തെളിവെടുക്കാൻ വന്ന ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ പാർട്ടി അണികളെ ഉപയോഗിക്കാൻ അദ്ദേഹം അനുവദിക്കില്ലായിരുന്നു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ പാർട്ടി നേതാക്കൾക്കു ബന്ധമുണ്ടെന്ന കണ്ടെത്തൽ അദ്ദേഹത്തെ ക്ഷുഭിതനാക്കുമായിരുന്നു. പാർട്ടിക്കുള്ളിൽനിന്നു പോരാടി യഥാർഥ കമ്യൂണിസ്റ്റുകാരുടെ മാനം കാക്കുമായിരുന്നു.
ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടി നടപടികൾ ഇഴയില്ലായിരുന്നു.
ഇന്നു പാർട്ടിക്ക് ഒറ്റ മുഖമേയുള്ളൂ- പിണറായി വിജയന്റെ മുഖം. ആ മുഖവും ആ രാഷ്ട്രീയവും പിടിക്കാത്തവർക്കു മറ്റൊരു ചോയ്സ് ഇല്ല.
പിന്നെ അവർ കണ്ട ഏക പ്രതിരോധവും പ്രതിഷേധവും യുഡിഎഫിനൊപ്പം പോവുക എന്നതായിരുന്നു.
ജി.സുധാകരൻ, ടി.കെ.ഗോവിന്ദൻ, വി.കുഞ്ഞികൃഷ്ണൻ എന്നീ മുതിർന്ന നേതാക്കൾക്ക് ഇങ്ങനെ ചുവടു മാറ്റേണ്ടിവന്നു. വിഎസ് ഉണ്ടായിരുന്നെങ്കിൽ ഇവരിൽ പലരും പാർട്ടിക്കുള്ളിൽ നിന്നുകൊണ്ടുതന്നെ പോരാട്ടം തുടരുമായിരുന്നു എന്നെനിക്കു തോന്നുന്നു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

