1500 കോടി രൂപ ചെലവിൽ നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിൽ കാൽനടയാത്രക്കാർക്കായി ഒരുക്കിയ നടപ്പാതകൾ പൂർണമായും അശാസ്ത്രീയമെന്ന് ആക്ഷേപം. നിർമാണഘട്ടത്തിൽ തന്നെ പലയിടത്തും നടപ്പാതകൾ തകർന്നുതുടങ്ങി.
നടപ്പാതയുടെ മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി തൂണുകളും കാടുപിടിച്ചുകിടക്കുന്ന സാഹചര്യവും യാത്രക്കാർക്ക് കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്. നിർമാണത്തിലെ അപാകതകൾ കാരണം നടപ്പാതയുടെ ചെറിയൊരു ഭാഗം പോലും സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
11 കെവി ലൈനുകൾ ഉൾപ്പെടെയുള്ള വൈദ്യുത തൂണുകളും ട്രാൻസ്ഫോമറുകളും നടപ്പാതകളിൽ തന്നെ സ്ഥാപിച്ചിരിക്കുന്നതിനാൽ കാൽനടയാത്രക്കാർ വലിയ ഭീതിയിലാണ്. മഴക്കാലത്ത് ഇത്തരം ഭാഗങ്ങളിലൂടെ നടക്കുമ്പോൾ വൈദ്യുതാഘാതം ഏൽക്കുമോ എന്ന ആശങ്ക നാട്ടുകാർ പങ്കുവെക്കുന്നു.
അശാസ്ത്രീയമായ നിർമാണം മൂലം വയോധികരും ഭിന്നശേഷിക്കാരും ഏറെ പ്രയാസപ്പെടുകയാണ്. ഇന്റർലോക്ക് കട്ടകൾ പാകിയതിലെ നിരപ്പില്ലായ്മ യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നു.
പാരിപ്പള്ളി, കല്ലുവാതുക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ നടപ്പാതകൾ പെട്ടെന്ന് അവസാനിക്കുന്നതും കുഴിയിലേക്ക് നീളുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. സംരക്ഷണ കമ്പിവേലികൾ കാടുമൂടിയതോടെ ഇഴജന്തുക്കളുടെ ശല്യവും ഏറിയിരിക്കുകയാണ്.
നടപ്പാതകൾ തടസ്സപ്പെട്ടതോടെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ തിരക്കേറിയ സർവീസ് റോഡുകളെ ആശ്രയിക്കാൻ നിർബന്ധിതരാകുന്നു. സ്കൂൾ സമയങ്ങളിൽ സർവീസ് റോഡിലൂടെയുള്ള യാത്ര വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്നും അധികൃതർ അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

