പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെ രാജ്യത്തെ സാധാരണക്കാർക്ക് തിരിച്ചടിയായി വായ്പകളുടെ പലിശ നിരക്കിലും വർധന ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച നേരിടാനും പണപ്പെരുപ്പം നിയന്ത്രിക്കാനും റീപ്പോ നിരക്ക് വർധിപ്പിക്കുന്നത് അടക്കമുള്ള നടപടികൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സജീവമായി പരിഗണിക്കുകയാണ്.
ജൂൺ 3 മുതൽ 5 വരെ നടക്കുന്ന ആർബിഐ പണനയ യോഗത്തിൽ ഇതുസംബന്ധിച്ച നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. നിലവിൽ 5.25 ശതമാനമാണ് റീപ്പോ നിരക്ക്.
ആഗോള വിപണിയിലെ പ്രതിസന്ധികളും ഇറാൻ-യുഎസ് സംഘർഷാവസ്ഥ മൂലം ഇറക്കുമതി ചെലവിലുണ്ടായ വർധനയും ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. രൂപയുടെ മൂല്യം 97 നിലവാരത്തിലേക്ക് താഴ്ന്നതും പണപ്പെരുപ്പ നിരക്കിലെ വർധനയും കണക്കിലെടുത്ത് പലിശ നിരക്കിൽ 50 മുതൽ 75 ബിപിഎസ് (ബേസിസ് പോയിന്റ്) വരെ വർധനവ് വരുത്താൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക രംഗത്തെ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിലെ സാമ്പത്തിക വിദഗ്ധരായ അനുഭൂതി സഹായ്, സൗരവ് ആനന്ദ് എന്നിവരുടെ നിരീക്ഷണം ഇങ്ങനെയാണ്: ‘ജൂണിലും ഓഗസ്റ്റിലും 25 ബിപിഎസ് വീതം വർധനയുണ്ടാകുമെന്നാണ് കരുതുന്നത്. ഇനി ജൂണിൽ നിരക്ക് കൂട്ടിയില്ലെങ്കിൽ ഓഗസ്റ്റിൽ 50 ബിപിഎസ് വർധിക്കും’.
ഈ തീരുമാനം നടപ്പിലായാൽ ബാങ്കുകൾ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ഉയർത്തും. ഇത് വായ്പക്കാരുടെ പ്രതിമാസ തിരിച്ചടവ് തുകയിലോ (ഇഎംഐ) തിരിച്ചടവ് കാലാവധിയിലോ വർധന വരുത്തും.
അതേസമയം, ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശയിൽ വർധനവുണ്ടാകുമെന്നത് നിക്ഷേപകർക്ക് നേട്ടമാകും. റീപ്പോ നിരക്ക് വർധനയ്ക്ക് പുറമെ, വിപണിയിലെ പണലഭ്യത (ലിക്വിഡിറ്റി) മെച്ചപ്പെടുത്തുന്നതിനായി 500 കോടി ഡോളർ (ഏകദേശം 48,454 കോടി രൂപ) ബാങ്കിങ് സംവിധാനത്തിലേക്ക് ഇറക്കാനും ആർബിഐ പദ്ധതിയിടുന്നുണ്ട്.
ഡോളർ-റുപ്പി സ്വാപ് ലേലം വഴിയായിരിക്കും ഈ തുക ലഭ്യമാക്കുക. മൂന്ന് വർഷത്തെ കാലാവധിയിൽ ബാങ്കുകളിൽ നിന്ന് ഡോളർ വാങ്ങി പകരം രൂപ നൽകുന്ന ഈ നടപടി, രൂപയുടെ മൂല്യത്തകർച്ച തടയുന്നതിനാണ് ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

