ആയിരക്കണക്കിന് ആളുകളുടെ യാത്രാദുരിതത്തിന് പരിഹാരമായി നിർമ്മിച്ച പെരുമ്പളം പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ട് രണ്ട് മാസം പിന്നിടുമ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായിട്ടില്ല. മാർച്ച് 7-ന് പാലം പൊതുജനങ്ങൾക്കായി തുറന്നു നൽകിയെങ്കിലും, നിർമ്മാണത്തിലെ അപാകതകളും അധികൃതരുടെ അവഗണനയും ജനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്.
ഉദ്ഘാടനത്തിന് ശേഷം ടാറിങ് പ്രവൃത്തികൾ പൂർത്തിയാക്കുമെന്ന നൽകിയ ഉറപ്പ് രണ്ട് മാസം പിന്നിട്ടിട്ടും നടപ്പായിട്ടില്ല. നിലവിൽ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ടാറിങ് ജോലികൾ പാതിവഴിയിൽ നിലച്ച അവസ്ഥയിലാണ്.
പാലത്തിലും പരിസരത്തും തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിലും വലിയ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനാണ് പ്രവൃത്തിയുടെ കരാർ നൽകിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചുവെങ്കിലും, തുടർനടപടികൾ ഒരിഞ്ചുപോലും മുന്നോട്ട് പോയിട്ടില്ല.
ഇതിനിടെ, പാലത്തിൽ അനധികൃത പാർക്കിംഗും കച്ചവടവും വർധിച്ചതോടെ മാലിന്യപ്രശ്നം രൂക്ഷമായിട്ടുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെ കായലിലേക്കും പാലത്തിലേക്കും തള്ളുന്നത് പതിവായതായും പരാതിയുണ്ട്.
കൂടാതെ, രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്യം വർധിക്കുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പാലം ഉദ്ഘാടന ദിവസം ഫ്ലാഗ് ഓഫ് ചെയ്ത കെഎസ്ആർടിസി ബസ് സർവീസുകൾ പിന്നീട് പുനരാരംഭിച്ചിട്ടില്ല.
ടാറിങ് പൂർത്തിയാക്കിയാൽ മാത്രമേ ബസ് സർവീസ് പുനരാരംഭിക്കൂ എന്നാണ് ഔദ്യോഗിക വിശദീകരണം. അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതാണ് നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടാൻ കാരണമെന്നാണ് കരാറുകാരുടെ പക്ഷം.
എന്നാൽ, നിർമ്മാണ സാമഗ്രികളും റോഡ് നിർമ്മാണ യന്ത്രങ്ങളും പാലത്തിൽ അലക്ഷ്യമായി കിടക്കുന്നത് രാത്രികാലങ്ങളിൽ ഉൾപ്പെടെ വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

