കുവൈത്തിൽ ലഹരിമരുന്ന് കടത്തിനും വിപണനത്തിനുമെതിരെ സുരക്ഷാ ഏജൻസികൾ കർശന നടപടികൾ തുടരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ രണ്ട് വ്യത്യസ്ത റെയ്ഡുകളിൽ വൻതോതിൽ മയക്കുമരുന്നും നിരോധിത ഗുളികകളും വിദേശ മദ്യവും പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രവാസികളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനൽ സെക്യൂരിറ്റി സെക്ടറും ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളും സംയുക്തമായാണ് ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകിയത്.
ആദ്യ റെയ്ഡിൽ രണ്ട് പ്രതികളെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് വിവിധ ബ്രാൻഡുകളിലുള്ള 207 കുപ്പി വിദേശമദ്യവും ഒരു ഗ്രാം ഹെറോയിനും കണ്ടെടുത്തു.
തുടർന്ന് നടത്തിയ രണ്ടാമത്തെ ഓപ്പറേഷനിൽ മറ്റ് രണ്ട് പേർ കൂടി പിടിയിലായി. ഇവരിൽ നിന്ന് ഏകദേശം രണ്ട് കിലോഗ്രാം ഹാഷിഷ്, 250 ഗ്രാം കഞ്ചാവ്, 500 ഗ്രാം മെത്താംഫെറ്റാമൈൻ, 1,500 ലിറിക്ക കാപ്സ്യൂളുകൾ, 100 മെത്താഡോൺ ഗുളികകൾ എന്നിവ പിടിച്ചെടുത്തു.
ലഹരിവസ്തുക്കൾ വിതരണത്തിനായി അളന്നുവെക്കാൻ ഉപയോഗിച്ചിരുന്ന രണ്ട് ഇലക്ട്രോണിക് ത്രാസുകളും പ്രതികളുടെ പക്കൽ നിന്ന് സുരക്ഷാ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ലഹരി വിപണനത്തിനെതിരെ ശക്തമായ നിരീക്ഷണം തുടരുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

