കോഴിക്കോട് ജില്ലയിൽ പ്രകൃതിക്ഷോഭത്തെയും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെയും അതിജീവിച്ച അറുനൂറിലേറെ കുടുംബങ്ങൾക്കുള്ള സർക്കാർ ധനസഹായം അനിശ്ചിതമായി നീളുന്നു. ദുരന്തം സംഭവിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ലഭ്യമാകാത്തത് നൂറുകണക്കിന് കുടുംബങ്ങളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
2024 ജൂൺ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ജില്ലയിലെ അർഹരായ 600-ലേറെ പേർക്ക് നൽകേണ്ടത് 12 കോടി രൂപയാണ്. വീടുകൾ പൂർണമായും ഭാഗികമായും തകർന്നവർ, കൃഷിനാശം സംഭവിച്ചവർ എന്നിവർ ഉൾപ്പെടെയുള്ളവരാണ് സർക്കാർ സഹായത്തിനായി കാത്തിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുൻപായി നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനായി ജില്ലാ ഭരണകൂടം നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ കൃത്യമായ കണക്കുകൾ ശേഖരിച്ച് കലക്ടർക്കും സർക്കാരിനും സമർപ്പിച്ചിരുന്നു.
തിരഞ്ഞെടുപ്പിന് ശേഷം ഫണ്ട് പാസായതായി അധികൃതരിൽ നിന്ന് അറിയിപ്പ് ലഭിച്ചുവെങ്കിലും, തുക ഇതുവരെ വിതരണം ചെയ്യപ്പെട്ടിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ സഹായം ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.
പഞ്ചായത്ത് തലത്തിലും ജില്ലാ ഭരണകൂടത്തിലും മന്ത്രിതലത്തിലും പലതവണ പരാതികൾ നൽകിയിട്ടും നടപടികളുണ്ടായില്ലെന്ന് ബാധിതർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ, തകർന്ന വീടുകളുടെയും റോഡുകളുടെയും അറ്റകുറ്റപ്പണികൾ പോലും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.
ഫണ്ട് വൈകിയ സാഹചര്യത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ കരാറുകാർ സ്വന്തം നിലയിൽ ഏറ്റെടുത്ത് നടത്തിയിരുന്നെങ്കിലും, അവർക്കും അർഹമായ പ്രതിഫലം ലഭിച്ചിട്ടില്ല. റോഡ് പുനർനിർമാണം, വീടുകളുടെ അറ്റകുറ്റപ്പണി, നഷ്ടപ്പെട്ട
കൃഷി/മൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം, ദുരിതബാധിതരുടെ പുനരധിവാസം തുടങ്ങിയവയ്ക്കാണ് ഈ തുക വിനിയോഗിക്കേണ്ടത്. കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച റിമൈൻഡർ റിപ്പോർട്ട് ബന്ധപ്പെട്ട
വകുപ്പിന് വീണ്ടും കൈമാറിയിട്ടുണ്ട്. പുതിയ മന്ത്രിസഭ അധികാരമേറ്റ സാഹചര്യത്തിൽ തുക ഉടൻ അനുവദിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥരും ദുരിതബാധിതരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

