‘എന്നെ തിരഞ്ഞെടുത്തതിന് ദൈവം ക്ഷമിക്കട്ടെ!’: ഫുട്ബോൾ, തമാശ, ലാളിത്യം, ജനകീയ മാർപാപ്പ
ഏതൊരു അർജന്റീനക്കാരനെയും പോലെ സിരകളിൽ കാൽപന്തിന്റെ പ്രേമത്തുടിപ്പ്. ബ്യൂനസ് ഐറിസിലെ സാൻ ലോറൻസോ ക്ലബിന്റെ അംഗത്വമുള്ള ആരാധകൻ.
തന്റെ ക്ലബിന്റെ വിജയത്തിൽ സന്തോഷിച്ചു, പരാജയങ്ങളിൽ സങ്കടപ്പെട്ടു. ആൾക്കൂട്ടവും ആരവവും ആവേശമായി.
ഏതാണ്ട് പന്തുപോലെ രൂപമുള്ള ഭൂമിയിൽ, ജോർജ് മാരിയോ ബർഗോളിയോ എന്ന ചെറുപ്പക്കാരൻ കാലാന്തരത്തിൽ കോടിക്കണക്കിനു വിശ്വാസികളുടെ ക്യാപ്റ്റനായി. ഫ്രാൻസിസ് മാർപാപ്പ ആയപ്പോഴും ബർഗോളിയോ ഫുട്ബോൾഭ്രമം വിട്ടില്ല.
സ്നേഹത്തിന്റെ കുറിയ പാസുകളുമായി മനുഷ്യരുടെ ഹൃദയമൈതാനങ്ങളിൽ പുഞ്ചിരിച്ചു. പൗരോഹിത്യത്തിന്റെ അത്യുന്നതിയിലും സാധാരണക്കാരനായി, പ്രാർഥനയോടെ ലോകത്തിനു സ്തുതി ചൊല്ലി.
Latest News
1936 ഡിസംബർ 17ന് അർജന്റീനയിലെ ബ്യൂനസ് ഐറിസിലാണു ജോർജ് മാരിയോ ബർഗോളിയോ ജനിച്ചത്. റെയിൽവേയിലെ അക്കൗണ്ടന്റായ മാരിയോ ഗ്യൂസെപ്പെ ബർഗോളിയോ വസാല്ലോ (Mario Giuseppe Bergoglio Vasallo) – റെജീന മരിയ സിവോറി ഗോഗ്ന ദമ്പതികളുടെ 5 മക്കളിൽ ഒരാൾ.
ഇറ്റലിയിലെ പീഡ്മോണ്ടിൽ ജനിച്ച് 1920ൽ അർജന്റീനയിലേക്ക് കുടിയേറിയതാണ് പിതാവ്. അർജന്റീനയിൽ ജനിച്ചെങ്കിലും പീഡ്മോണ്ടിൽ നിന്നുള്ള ഇറ്റാലിയൻ കുടിയേറ്റക്കാരുടെ മകളായിരുന്നു റെജീന.
കുട്ടിക്കാലത്തേ ഇറ്റാലിയൻ, സ്പാനിഷ് ഭാഷകൾ ബർഗോളിയോ പഠിച്ചു. വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെ ദുരവസ്ഥ മനസ്സിലാക്കി.
കുഞ്ഞുന്നാളിലേ സാമൂഹിക ബോധമുള്ളവനായി. മാതാപിതാക്കൾ അച്ചടക്കത്തോടെയാണു വളർത്തിയത്.
അത്താഴ സമയത്ത് ബർഗോളിയോയും സഹോദരങ്ങളും പാത്രങ്ങൾ വൃത്തിയാക്കി. ഭക്ഷണം പാഴാക്കാതെ കഴിക്കണമെന്നതും നിർബന്ധമായിരുന്നു.
വിദ്യാർഥിയായിരിക്കെ ക്ലബിൽ ബൗൺസറായി ജോലി ചെയ്തു. ഡിപ്ലോമ നേടിയ ശേഷം ലബോറട്ടറി ടെക്നീഷ്യനായി.
അക്കാലത്തെ അർജന്റീനയുടെ രാഷ്ട്രീയ അന്തരീക്ഷം യുവാവായ ബർഗോളിയോയെ സ്വാധീനിച്ചു. രാജ്യത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പരിഷ്കാരങ്ങൾക്കു കാരണമായ പെറോണിസത്തിൽ ആകൃഷ്ടനായി.
തൊഴിലാളി വർഗത്തിന്റെയും ഗ്രാമീണ മേഖലകളുടെയും പുരോഗതി, വരുമാനത്തിലെ വ്യത്യാസങ്ങൾ എന്നിവയെപ്പറ്റി ആഴത്തിൽ ചിന്തിച്ചു. ഫ്രാൻസിസ് മാർപാപ്പ (ഇടത്ത്) കൗമാരത്തിൽ മാതാപിതാക്കൾക്കൊപ്പം.
REUTERS/Courtesy of Maria Elena Bergoglio/Handout
പഠിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ബർഗോളിയോ, ജന്മനാ പണ്ഡിതനാണ് എന്നാണു സഹോദരി മരിയയുടെ അഭിപ്രായം. എപ്പോഴും പുഞ്ചിരിക്കുന്ന, നർമബോധമുള്ള യുവാവ്.
ഹൈസ്കൂൾ പഠനത്തിനു ശേഷം ബ്യൂനസ് ഐറിസ് സർവകലാശാലയിൽ ചേർന്നു. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം.
പൗരോഹിത്യത്തിലേക്കുള്ള ഉൾവിളി തോന്നിയതോടെ കാമുകിയുമായി വേർപിരിഞ്ഞു. ചിലെയിൽ മാനവിക വിഷയങ്ങളിൽ പഠനം.
1963ൽ അർജന്റീനയിലേക്ക് മടങ്ങി. സാൻ മിഗ്വലിലെ കൊളീജിയോ ഡി സാൻ ജോസിൽനിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദം നേടി.
1964 മുതൽ 1966 വരെ സാഹിത്യവും മനഃശാസ്ത്രവും പഠിപ്പിച്ചു. 1967 മുതൽ 1970 വരെ ദൈവശാസ്ത്രം പഠിച്ചു.
ഫ്രാൻസിസ് മാർപാപ്പ. Photo by Filippo MONTEFORTE / AFP
കാര്യങ്ങളെ യുക്തിസഹമായും വസ്തുനിഷ്ഠമായും മനസ്സിലാക്കി.
മിതത്വവും എളിമയുമായിരുന്നു ജീവിതപ്രമാണം. ലോകത്തിലെ പുതിയതെല്ലാം ഉൾക്കൊള്ളാനുള്ള തുറന്ന മനസ്സ് സൂക്ഷിച്ചു.
21-ാം വയസ്സിൽ ബ്യൂനസ് ഐറിസിലെ വില്ല ഡെവോട്ടോയിൽ സെമിനാരി പഠനത്തിനു ചേർന്നെങ്കിലും വളരെക്കാലം കഴിഞ്ഞ് 1969ൽ 33ാം വയസ്സിലാണു വൈദികപട്ടം സ്വീകരിച്ചത്. പിന്നാലെ, ജറുസലമിലേക്കു തീർഥാടനം.
1969 ഡിസംബർ 13ന് വൈദികനായി. 1973 മുതൽ 1979 അർജന്റീനൻ സഭയുടെ പ്രൊവിൻഷ്യാൾ.
1980ൽ താൻ പഠിച്ച സാൻ മിഗ്വൽ സെമിനാരിയുടെ റെക്ടറായി. 1998ൽ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്.
2001ൽ കർദിനാളായി. വത്തിക്കാൻ ഭരണകൂടമായ റോമൻ കൂരിയായുടെ വിവിധ ഭരണ പദവികളിൽ സേവനമനുഷ്ഠിച്ചു.
2005ൽ അർജന്റീനയിലെ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ അധ്യക്ഷൻ. 3 വർഷത്തിനു ശേഷം ഇതേ പദവിയിൽ വീണ്ടും.
കർദിനാൾ സ്ഥാനാരോഹണത്തിൽ പങ്കെടുക്കാൻ റോമിലേക്കു വരാനിരുന്ന ആയിരക്കണക്കിന് അർജന്റീനക്കാരെ സ്നേഹപൂർവം നിരുൽസാഹപ്പെടുത്തിയ ചരിത്രമുണ്ട് ബർഗോളിയോയ്ക്ക്. വിമാനടിക്കറ്റിനു ചെലവാക്കേണ്ടി വരുന്ന പണം പാവപ്പെട്ടവർക്കു നൽകാനായിരുന്നു നിർദേശം.
ബ്യൂനസ് ഐറിസിലെ ആർച്ച് ബിഷപ്പിന്റെ ഔദ്യോഗിക വസതിയിൽ താമസിക്കാതെ നഗരപ്രാന്തത്തിൽ ചെറിയൊരു അപ്പാർട്മെന്റിൽ ജീവിച്ചു. സാധാരണക്കാർക്കൊപ്പം പൊതുഗതാഗത സംവിധാനത്തിലായിരുന്നു യാത്രകൾ.
ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ദേഹവിയോഗത്തിനു ശേഷം 2005ൽ ചേർന്ന കോൺക്ലേവിൽ പങ്കെടുത്തു. വോട്ടെടുപ്പിൽ അവസാന നിമിഷം വരെ ബനഡിക്ട് പതിനാറാമൻ മാർപാപ്പയോടൊപ്പം പരിഗണിക്കപ്പെട്ടെങ്കിലും തനിക്കു വോട്ട് ചെയ്യേണ്ടതില്ലെന്ന് അഭ്യർഥിച്ച് പിൻമാറി.
വത്തിക്കാനിൽ വിശ്വാസികളെ കാണുന്നതിനിടെ ഒരു കുട്ടിയെ ലാളിക്കുന്ന മാർപാപ്പ. Vatican Media/Handout via REUTERS
ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ് ആയിരിക്കെ, കർദിനാൾ ജോർജ് മാരിയോ ബർഗോളിയോ, 2013ൽ കത്തോലിക്കാ സഭയുടെ 266–ാം മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു.
ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്ര്യത്തിലും ജീവിതപ്രകാശം കണ്ടെത്തിയ അസീസ്സിയിലെ ഫ്രാൻസിസിന്റെ പേരാണു സ്വീകരിച്ചത്. ഭീകരതയും അഭയാർഥി പ്രശ്നവും മുതൽ ആഗോളതാപനം വരെയുള്ള കാര്യങ്ങളിൽ അദ്ദേഹത്തിന്റെ നിലപാടുകൾക്ക് ലോകം കാതോർത്തു.
അക്രമങ്ങളെയും ഹിംസയെയും എന്നും എതിർത്തു. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം അത്താഴസമയത്ത് കർദിനാൾമാരോട് അദ്ദേഹം നർമത്തോടെ പറഞ്ഞു: എന്നെ തിരഞ്ഞെടുത്തതിന് ദൈവം നിങ്ങളോടു ക്ഷമിക്കട്ടെ!
‘നാം എല്ലാവരും ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്, ഒന്നാമതു ഞാൻ തന്നെ’ എന്നു പരസ്യമായി പറയാനുള്ള ഹൃദയവിശാലതയുമാണു മാർപാപ്പയെ ജനകീയനാക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

