
എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്ത്; താമരശ്ശേരിയിലെ പ്രധാന രാസലഹരി വിൽപനക്കാരൻ പിടിയിൽ
കോഴിക്കോട് ∙ താമരശ്ശേരിയിലെ പ്രധാന രാസലഹരി വിൽപനക്കാരനെ പിടികൂടി എക്സൈസ്. താമരശ്ശേരി അമ്പായത്തോട് പുല്ലുമല വീട്ടിൽ മിർഷാദ് എന്ന മസ്താനെയാണ് പിടികൂടിയത്.
കോവൂർ ഇരിങ്ങാടൻപള്ളിക്കു സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിയിൽനിന്നു 58 ഗ്രാം മെത്താംഫെറ്റമിൻ പിടിച്ചെടുത്തു.
പൊലീസിനെ കണ്ടു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്താണ് മിർഷാദ്. ലഹരിക്ക് അടിമപ്പെട്ട് ഉമ്മയെ കൊന്ന ആഷിഖ്, ഭാര്യയെ കൊന്ന യാസിർ എന്നിവരുമായും പ്രതിക്കു ബന്ധമുണ്ടെന്നാണ് പ്രാഥമിക വിവരം.
താമരശ്ശേരി, കോഴിക്കോട് ഭാഗങ്ങളിൽ രാസലഹരിയുടെ മൊത്തക്കച്ചവടക്കാരനാണ് മസ്താൻ എന്നാണ് എക്സൈസ് നൽകുന്ന വിവരം. ബെംഗളൂരുവിലെ ലഹരി മാഫിയയുമായി ബന്ധമുള്ള ഇയാൾക്ക് നിരവധി രാസലഹരി വിൽപനക്കാരുമായി ബന്ധമുണ്ട്. കിലോക്കണക്കിനു രാസലഹരി എത്തിച്ച് വിതരണം ചെയ്യാൻ സാധിക്കുന്ന ആളാണ് മിർഷാദെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
താമരശ്ശേരി, ഈങ്ങാപ്പുഴ, അടിവാരം എന്നിവിടങ്ങളിൽ രാസലഹരി ഉപയോഗവും അക്രമവും വർധിച്ച സാഹചര്യത്തിൽ പൊലീസും എക്സൈസും ശക്തമായ പരിശോധനയാണ് നടത്തുന്നത്. പ്രധാന ലഹരി വിൽപ്പനക്കാരനെ പിടികൂടാൻ സാധിച്ചത് എക്സൈസിന് വലിയ നേട്ടമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]