സംസ്ഥാനത്ത് സ്മാർട്ട് പി ഡി എസ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സുപ്രധാന തീരുമാനവുമായി സിവിൽ സപ്ലൈസ് വകുപ്പ് രംഗത്ത്. തുടർച്ചയായി ആറുമാസക്കാലം റേഷൻ വിഹിതം കൈപ്പറ്റാത്ത കാർഡുകൾ ‘Silent Ration Cards’ ആയി കണക്കാക്കി ഡീആക്ടിവേറ്റ് ചെയ്യുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.
എല്ലാ മാസവും 21-ാം തീയതി ഇത്തരം കാർഡുകൾ തിരിച്ചറിഞ്ഞ്, അടുത്ത മാസം ഒന്നാം തീയതി മുതൽ റേഷൻ വിഹിതം ലഭിക്കാത്ത വിധത്തിലാണ് നടപടികൾ ക്രമീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഡീആക്ടിവേറ്റ് ചെയ്യപ്പെടുന്ന കാർഡുകളിലെ മുഴുവൻ ഗുണഭോക്താക്കളും മൂന്ന് മാസത്തിനകം നിർബന്ധമായും ഇ-കെവൈസി (eKYC) പൂർത്തിയാക്കേണ്ടതാണ്.
ഈ സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കുന്നവർക്ക് മാത്രമേ കാർഡ് പുനരുജ്ജീവിപ്പിച്ച് നൽകുകയുള്ളൂ. നിശ്ചിത സമയത്തിനുള്ളിൽ ഇ-കെവൈസി പൂർത്തിയാക്കാത്ത പക്ഷം അത്തരം കാർഡുകൾ പൂർണ്ണമായും അസാധുവാക്കുമെന്നും ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്യുമെന്നും വകുപ്പ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതിനുപുറമേ, ആധാർ അധിഷ്ഠിത പരിശോധനയിൽ ഒന്നിലധികം റേഷൻ കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി കണ്ടെത്തുന്ന ഗുണഭോക്താക്കളുടെ കാർഡുകളും ഡീആക്ടിവേറ്റ് ചെയ്യപ്പെടുന്നതാണ്. ഇങ്ങനെയുള്ളവർ മൂന്ന് മാസത്തിനകം ഇ-കെവൈസി പൂർത്തിയാക്കി, തങ്ങൾക്ക് ആവശ്യമായ ഒരു കാർഡ് മാത്രം നിലനിർത്തി മറ്റ് കാർഡുകളിൽ നിന്ന് തങ്ങളുടെ പേരുകൾ ഒഴിവാക്കേണ്ടതാണ്.
ഈ പരിശോധനകൾ പൂർത്തിയായാൽ മാത്രമേ തുടർന്ന് റേഷൻ വിഹിതം അനുവദിക്കുകയുള്ളൂ. സമയപരിധിക്കുള്ളിൽ ഈ മാനദണ്ഡങ്ങൾ പാലിക്കാത്തവരുടെ വിവരങ്ങളും ഡാറ്റാബേസിൽ നിന്നും നീക്കം ചെയ്യുന്നതാണ്.
സംസ്ഥാനത്ത് സ്മാർട്ട് പി ഡി എസ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഈ പുതിയ ക്രമീകരണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അതത് സമയത്ത് ഗുണഭോക്താക്കളെ അറിയിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

