മലപ്പുറം ജില്ലയിൽ ‘ഓപറേഷൻ തൂഫാൻ’-ന്റെ ഭാഗമായി നടന്നുവരുന്ന ലഹരിവിരുദ്ധ പരിശോധനകളിൽ നിർണ്ണായക വഴിത്തിരിവ്. കഴിഞ്ഞ ദിവസം കൊണ്ടോട്ടി കാഞ്ഞിരപ്പറമ്പിലെ വീട്ടിൽനിന്ന് എം.ഡി.എം.എ പിടിച്ചെടുത്ത സംഭവത്തിലെ മുഖ്യപ്രതിയെ കൊണ്ടോട്ടി പൊലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു.
പെരിന്തൽമണ്ണ ചെമ്മലശ്ശേരി മല്ലിറ്റിയിൽ വീട്ടിൽ ഹൈദരാലി (23) ആണ് പിടിയിലായത്. ശനിയാഴ്ച വൈകുന്നേരം ചെമ്മലശ്ശേരിയിൽ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
നേരത്തെ, കാഞ്ഞിരപ്പറമ്പ് സ്വദേശി അഷ്ഫാക്കിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 16 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. ഈ കേസിലെ പ്രധാന സൂത്രധാരൻ ഹൈദരാലിയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
77 ഗ്രാം എം.ഡി.എം.എയുമായി പുലാമന്തോൾ സ്വദേശി പിടിയിലായ കേസുമായി ഇവർക്ക് ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അഷ്ഫാക്കിനെ ശനിയാഴ്ച കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജില്ലയിലേക്ക് മാരക ലഹരിമരുന്നുകൾ എത്തിക്കുന്ന സംഘങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഹൈദരാലിയിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു നടപടി.
കൊണ്ടോട്ടി എ.സി.പി കാർത്തിക് ബാലകുമാർ, ഇൻസ്പെക്ടർ കെ. അനുദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് ചുക്കാൻ പിടിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

