കോഴിക്കോട് ജില്ലയിൽ പ്രകൃതിക്ഷോഭത്തെയും വെള്ളപ്പൊക്കത്തെയും തുടർന്ന് ദുരിതത്തിലായ അറുനൂറിലധികം കുടുംബങ്ങൾക്ക് അനുവദിക്കേണ്ടിയിരുന്ന ധനസഹായം രണ്ടു വർഷം പിന്നിട്ടിട്ടും ലഭ്യമായില്ല. തകർന്ന വീടുകളുടെ അറ്റകുറ്റപ്പണികളും റോഡ് പുനർനിർമ്മാണവും ഉൾപ്പെടെയുള്ള അടിയന്തര ആവശ്യങ്ങൾക്കും സർക്കാർ സഹായം ഇതുവരെ എത്തിയിട്ടില്ല.
ഇതുസംബന്ധിച്ച് ബന്ധപ്പെട്ട പഞ്ചായത്തുകൾക്കും ജില്ലാ ഭരണകൂടത്തിനും മന്ത്രിതലത്തിലും നിരവധി തവണ പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായില്ല.
2024 ജൂൺ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ 600-ൽ അധികം പേർക്കായി 12 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിൽ നിന്നും വിതരണം ചെയ്യാനുള്ളത്. പ്രകൃതിദുരന്തത്തിൽ കൃഷിനാശം സംഭവിച്ചവർ, വീടുകൾ ഭാഗികമായും പൂർണമായും തകർന്നവർ എന്നിവരെല്ലാം നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനായുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഇത് സംബന്ധിച്ച വിവരങ്ങൾ കലക്ടർക്കും സർക്കാരിനും സമർപ്പിച്ചിരുന്നു.
തിരഞ്ഞെടുപ്പിന് ശേഷം ഫണ്ട് പാസായതായി ദുരന്ത നിവാരണ വകുപ്പിൽ നിന്ന് ജില്ലാ ഭരണകൂടത്തിന് അറിയിപ്പ് ലഭിച്ചെങ്കിലും തുക അക്കൗണ്ടുകളിൽ എത്തിയില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപെങ്കിലും ഫണ്ട് അനുവദിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.
തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയായ സാഹചര്യത്തിൽ, കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച റിമൈൻഡർ റിപ്പോർട്ട് വീണ്ടും ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിട്ടുണ്ട്.
പുതിയ മന്ത്രിസഭ അധികാരമേറ്റ സാഹചര്യത്തിൽ തുക ഉടൻ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥരും ദുരിതബാധിതരും. ഫണ്ട് ലഭിക്കാൻ വൈകിയതോടെ പല അടിയന്തര പ്രവൃത്തികളും കരാറുകാർ സ്വന്തം നിലയിൽ പൂർത്തിയാക്കിയിരുന്നു.
എന്നാൽ ഇവർക്കും അർഹമായ തുക ഇതുവരെ ലഭിച്ചിട്ടില്ല. വെള്ളപ്പൊക്കത്തെ തുടർന്നുള്ള നഷ്ടപരിഹാരം, റോഡ് പുനർനിർമ്മാണം, വീടുകളുടെ അറ്റകുറ്റപ്പണി, മൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം, ദുരന്ത മേഖലയിൽ നിന്ന് മാറിതാമസിക്കേണ്ടി വന്നവരുടെ തുടർനടപടികൾ എന്നിവയ്ക്കാണ് പ്രധാനമായും ഫണ്ട് ആവശ്യമുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

