
ഓക്സ്ഫോർഡിന് സമീപമുള്ള ബ്ലെൻഹൈം കൊട്ടാരത്തിൽ നിന്ന് 4.5 മില്യൺ പൗണ്ട് (ഏകദേശം 51 കോടി 54 ലക്ഷം രൂപ)വിലമതിക്കുന്ന സ്വർണ്ണ ടോയ്ലറ്റ് മോഷ്ടിച്ച സംഘത്തിലെ പ്രതിക്ക് ശിക്ഷയിൽ ഇളവ്. 2019 -ലാണ് ഈ മോഷണം നടന്നത്. മോഷണ സംഘത്തിൽ അംഗമായിരുന്ന യുകെ സ്വദേശിയും 37 -കാരനുമായ ഫെഡറിക് ‘ ഡോയുടെ ശിക്ഷയിലാണ് യുകെ കോടതി ഇപ്പോൾ ഇളവ് നൽകിയിരിക്കുന്നത് . മുൻപ് ഇയാൾക്ക് വിധിച്ചിരുന്ന 21 മാസത്തെ ജയിൽ ശിക്ഷയിൽ ഇളവ് നൽകിയ കോടതി ഇപ്പോൾ ഇയാളോട് 240 മണിക്കൂർ ശമ്പളം ഇല്ലാതെ ജോലി ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
2019 സെപ്റ്റംബറിൽ ബ്ലെൻഹൈം കൊട്ടാരത്തിനുള്ളിൽ നടന്ന പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു ‘അമേരിക്ക’ എന്ന പേരിട്ടിരുന്ന സ്വർണ്ണ ടോയ്ലറ്റ്. ഇറ്റാലിയൻ കലാകാരനായ മൗറീഷ്യോ കാറ്റെലൻ ആണ് ഇത് നിർമ്മിച്ചത്. 18 ക്യാരറ്റ് സ്വർണ്ണത്തിൽ നിർമ്മിച്ച ടോയ്ലറ്റ് ആണ് ഇത്. ഏകദേശം 98 കിലോഗ്രാം (216 പൗണ്ട്) ഭാരമുള്ള ഈ ടോയ്ലറ്റ് 2.8 മില്യൺ പൗണ്ട് വിലമതിക്കുന്ന 20 കിലോഗ്രാം സ്വർണ്ണം ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
ഫെഡറിക്കിനെ കൂടാതെ മോഷണത്തിൽ ഉൾപ്പെട്ട മറ്റ് രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.39 -കാരനായ മൈക്കൽ ജോൺസൺ, 40 -കാരനായ ജെയിംസ് ഷീൻ എന്നിവരായിരുന്നു ആ പ്രതികൾ. ഇപ്പോൾ ഫെഡറിക്കിന്റെ തടവ് ശിക്ഷയാണ് കോടതി റദ്ദ് ചെയ്തത്. മോഷണത്തിൽ ഫെഡറിക് ഒരു ഇടനിലക്കാരൻ മാത്രമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതിയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു വിധിവന്നത്. മോഷ്ടിച്ച ടോയ്ലറ്റിൽ നിന്ന് സെപ്റ്റംബറിൽ തന്നെ പ്രതികൾ 20 കിലോയോളം സ്വർണം ബർമിംഗ്ഹാമിലെ ഒരു ജ്വല്ലറിയിൽ വിറ്റതായി വിചാരണവേളയിൽ തെളിഞ്ഞതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]