
‘പരാമർശങ്ങൾ വ്യക്തിപരം, ബിജെപിക്ക് ബന്ധമില്ല’: സുപ്രീം കോടതിക്കെതിരായ വിമർശനങ്ങൾ തള്ളി ബിജെപി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ പാർട്ടി അംഗങ്ങൾ നടത്തിയ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് ബിജെപി. സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കുമെതിരെ ബിജെപി നേതാക്കളായ നിഷികാന്ത് ദുബേ, ദിനേഷ് ശർമ എന്നിവർ നടത്തിയ പരാമർശങ്ങളെയാണ് തള്ളിയത്. ഇരുവരുടെയും പരാമർശങ്ങൾ വ്യക്തിപരമാണെന്നും ഇക്കാര്യത്തിൽ പാർട്ടിക്ക് യോജിപ്പില്ലെന്നും വ്യക്തമാക്കിയ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ ഇത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്ന് ഇരുനേതാക്കൾക്കും നിർദേശം നൽകി. രാജ്യത്ത് മതസംഘർഷങ്ങൾക്ക് പ്രേരിപ്പിക്കുന്നത് സുപ്രീംകോടതിയാണെന്നായിരുന്നു കഴിഞ്ഞ ദിവസം നിഷികാന്ത് ദുബേ നടത്തിയ പരാമർശം.
‘‘ജുഡീഷ്യറിയെയും രാജ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും കുറിച്ച് ബിജെപി എംപി നിഷികാന്ത് ദുബേയും ദിനേഷ് ശർമയും നടത്തിയ പരാമർശങ്ങളുമായി ബിജെപിക്ക് ബന്ധമില്ല. ഇവ വ്യക്തിപരമായ പരാമർശങ്ങളാണ്. എന്നാൽ ബിജെപി ഇത്തരം പരാമർശങ്ങൾ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ഇല്ല. ഇത്തരം പരാമർശങ്ങളെ ബിജെപി തള്ളിക്കളയുന്നു. ബിജെപി എന്നും ജുഡീഷ്യറിയെ ബഹുമാനിക്കുകയും അതിന്റെ നിർദേശങ്ങളും വിധികളും പൂർണമനസോടെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. സുപ്രീംകോടതിയുൾപ്പെടെയുള്ള രാജ്യത്തെ എല്ലാ കോടതികളും നമ്മുടെ ജനാധിപത്യത്തിന്റെ അവിഭാജ്യഘടകവും ഭരണഘടനയെ താങ്ങിനിർത്തുന്ന ശക്തമായ തൂണുമാണെന്ന് ബിജെപി വിശ്വസിക്കുന്നു. ഇത്തരം പരാമർശങ്ങൾ നടത്തരുതെന്ന് ആ നേതാക്കളോടും മറ്റുള്ളവരോടും നിർദേശം നൽകിയിട്ടുണ്ട്’–നഡ്ഡ സമൂഹമാധ്യമത്തിൽ പറഞ്ഞു.
സുപ്രീംകോടതി പരിധി വിടുകയാണെന്നും കോടതി നിയമങ്ങളുണ്ടാക്കാൻ തുടങ്ങുകയാണെങ്കിൽ പാർലമെന്റ് മന്ദിരം അടച്ചിടാമെന്നുമാണ് ദുബേ പറഞ്ഞത്. ‘‘രാഷ്ട്രപതിയാണ് ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത്. പാർലമെന്റാണ് രാജ്യത്തെ നിയമങ്ങളുണ്ടാക്കുന്നത്. നിങ്ങളിപ്പോൾ പാർലമെന്റിനോട് ആജ്ഞാപിക്കുകയാണോ? നിങ്ങളെങ്ങനെയാണ് പുതിയ നിയമങ്ങളുണ്ടാക്കുന്നത്? രാഷ്ട്രപതി മൂന്നുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് ഏതു നിയമത്തിലാണ് പറഞ്ഞിട്ടുള്ളത്? നിങ്ങൾ ഈ രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കാനാണോ ആഗ്രഹിക്കുന്നത് ? പാർലമെന്റ് കൂടുമ്പോൾ ഇക്കാര്യത്തിൽ ചർച്ച വേണം’’–ദുബേ പറഞ്ഞു. ബില്ലുകൾ പാസാക്കുന്നതിൽ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ചുള്ള സുപ്രീംകോടതി ഉത്തരവിനെ തുടർന്നായിരുന്നു വിമർശനം.