പീരുമേട്: ഇടുക്കിയിലെ ചീന്തലാറിൽ തേയിലത്തോട്ടം അടച്ചുപൂട്ടിയതിനെ തുടർന്ന് നിരവധി തൊഴിലാളി കുടുംബങ്ങൾ ദുരിതത്തിൽ. ജീവിതമാർഗം നിലച്ചതോടെ എന്തുചെയ്യണമെന്നറിയാത്ത പ്രതിസന്ധിയിലാണ് ഇവർ.
താമസിക്കാൻ സുരക്ഷിതമായ ഒരു വീടുപോലുമില്ലാതെ, വരുമാനം നിലച്ച തങ്ങളുടെ ദുരിതം അധികൃതർ കാണുന്നില്ലെന്ന് ചീന്തലാറിലെ ലയങ്ങളിൽ താമസിക്കുന്നവർ പറയുന്നു. 25 വർഷം മുൻപാണ് ഈ എസ്റ്റേറ്റ് പ്രവർത്തനം നിർത്തിയത്.
ചീന്തലാറിലെ തൊഴിലാളികളിൽ ഭൂരിഭാഗവും തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് ജോലിക്കായി എത്തി ഇവിടെ സ്ഥിരതാമസമാക്കിയവരും അവരുടെ പിൻതലമുറക്കാരുമാണ് വരുമാനമില്ലാതെയും സുരക്ഷിതമായ കിടപ്പാടമില്ലാതെയും കഷ്ടപ്പെടുന്നത്.
“ഇരുപത് വർഷത്തോളം തോട്ടത്തിൽ കൊളുന്ത് നുള്ളി ജീവിച്ചു, കഴിഞ്ഞ 25 വർഷമായി ജോലിയൊന്നുമില്ല,” തോട്ടം തൊഴിലാളിയായ മീനാക്ഷിയമ്മ ന്യൂസ്കേരള.നെറ്റിനോട് പറഞ്ഞു. 45 വർഷങ്ങൾക്ക് മുൻപാണ് മീനാക്ഷിയമ്മയുടെ കുടുംബം ചീന്തലാറിലെത്തുന്നത്.
ഇവിടെയുള്ള ലയങ്ങളിൽ ഭൂരിഭാഗവും ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. മേൽക്കൂരകൾ ദ്രവിച്ചതിനെ തുടർന്ന് പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടിയാണ് പല കുടുംബങ്ങളും മഴയിൽ നിന്നും വെയിലിൽ നിന്നും രക്ഷനേടുന്നത്.
ചുമരുകൾക്ക് ബലക്ഷയം സംഭവിച്ച വീടുകളിലാണ് ഇവരുടെ താമസം. പല രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും വാഗ്ദാനങ്ങൾ നൽകി മടങ്ങിയതല്ലാതെ തങ്ങൾക്ക് സഹായമൊന്നും ലഭിച്ചില്ലെന്ന് ഇവർ പറയുന്നു.
മറ്റ് ജോലികൾക്ക് പോയാണ് പലരും ഇപ്പോൾ കുടുംബം പുലർത്തുന്നത്. തെരഞ്ഞെടുപ്പിന് ശേഷമെങ്കിലും തങ്ങളുടെ ദുരിതത്തിന് ഒരറുതി വരുമെന്ന പ്രതീക്ഷയിലാണ് ഈ തൊഴിലാളികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

