പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് ബിഗ് ബോസ് മലയാളം സീസണിൽ നിന്നും നിലീന എലിസബത്ത് പടിയിറങ്ങി. വൈൽഡ് കാർഡ് എൻട്രിയായി ഹൗസിലേക്ക് കടന്നുവന്ന മത്സരാർത്ഥികളിൽ ഏറെ പ്രതീക്ഷ നൽകിയ വ്യക്തിയായിരുന്നു നിലീന.
കാര്യങ്ങൾ വ്യക്തതയോടെ അവതരിപ്പിക്കാനും മികച്ച രീതിയിൽ വിശകലനം ചെയ്യാനും സാധിക്കുമെന്ന വിലയിരുത്തലുകൾക്കിടയിലാണ് വെറും രണ്ടാഴ്ചത്തെ വാസത്തിന് ശേഷം താരത്തിന് ഷോയോട് വിടപറയേണ്ടി വന്നിരിക്കുന്നത്. നിലീനയുടെ അപ്രതീക്ഷിത പുറത്താവലിന് പിന്നിൽ ലവ് ട്രാക്ക് അടക്കമുള്ള തന്ത്രങ്ങൾ പാളിയതാണോ എന്ന ചർച്ചകളാണ് ഇപ്പോൾ സജീവമാകുന്നത്.
ചരിത്രപ്രസിദ്ധമായ മാസ് എവിക്ഷന് ശേഷം ഹൗസിലേക്ക് പ്രവേശിച്ച നാല് വൈൽഡ് കാർഡ് എൻട്രികളിൽ ആദ്യമായി അകത്തേക്ക് കാലെടുത്തു വെച്ചത് നിലീനയായിരുന്നു. കൺഫെഷൻ റൂമിലെ ആദ്യ പ്രതികരണങ്ങൾ മുതൽ തന്നെ മികച്ച ആശയവ്യക്തതയുള്ള മത്സരാർത്ഥിയെന്ന പ്രതിച്ഛായ സൃഷ്ടിക്കാൻ നിലീനയ്ക്ക് സാധിച്ചിരുന്നു.
ഒപ്പമെത്തിയ മറ്റുള്ളവരേക്കാൾ വേഗത്തിൽ പ്രേക്ഷക ശ്രദ്ധ നേടാനും ഹൗസിലെ മറ്റ് അംഗങ്ങളുമായി ഇണങ്ങിേച്ചരാനും സാധിക്കുമെന്ന സൂചനയാണ് ആദ്യ ദിവസങ്ങളിൽ ലഭിച്ചത്. തുടക്കത്തിൽ ഷിജിൻ ആയിരുന്നു തനിക്ക് ഏറ്റവും പെട്ടെന്ന് അടുപ്പം സ്ഥാപിക്കാൻ കഴിയുകയെന്ന് നിലീന വ്യക്തമാക്കിയിരുന്നു.
ഹൗസിലേക്ക് എത്തിയ നിലീനയെ ഷിജിൻ ഭക്ഷണം വാരിക്കൊടുത്താണ് സ്വീകരിച്ചതും. അതിനാൽ ഇരുവരും തമ്മിൽ ശക്തമായ സൗഹൃദം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും, പിന്നീട് നോബിയുമായുള്ള അടുത്ത ബന്ധമാണ് ശ്രദ്ധിക്കപ്പെട്ടത്.
എന്നാൽ ഈ സൗഹൃദം അത്രകണ്ട് സ്വാഭാവികമായിരുന്നില്ല എന്ന് വിലയിരുത്തപ്പെട്ടതാണ് നിലീനയുടെ ഗെയിമിന് തിരിച്ചടിയായത്. വൈൽഡ് കാർഡ് കടന്നുവരവിനെതിരെ ആദ്യം രംഗത്തുവന്നവരിൽ പ്രധാനിയായിരുന്നു നോബി.
എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഈ സമവാക്യങ്ങൾ മാറിമറിഞ്ഞു. നോബിയും എൽദോയും തമ്മിൽ നടന്ന ഒരു സംഭാഷണത്തെച്ചൊല്ലിയുണ്ടായ തെറ്റിദ്ധാരണകളാണ് പിന്നീട് വഴിതിരിവായത്.
നോബി തന്നെ മോശമായി ചിത്രീകരിച്ചു എന്ന നിലീനയുടെ ആരോപണവും, ഇതിനെ അനുകൂലിച്ച് സുഹൃത്തുക്കളായ വേദാംഗിയും സുവർണ്ണയും രംഗത്തുവന്നതും ഹൗസിൽ വലിയ ചർച്ചയായി. തുടർന്ന് തെറ്റിദ്ധാരണകൾ അകറ്റാൻ ഇരുവരും സംസാരിച്ചതോടെ ആ ഐസ് ബ്രേക്കായി മാറി.
ഇതിനിടയിലാണ് നോബിയും നിലീനയും തമ്മിൽ ഒരു ലവ് ട്രാക്ക് പരീക്ഷിക്കാം എന്ന ആശയം വേദാംഗി മുന്നോട്ടുവെക്കുന്നത്. ബിഗ് ബോസ് മനപ്പൂർവ്വം ഒരുക്കിയ കോംബോ ആകാം ഇതെന്നും നോബിക്ക് നിലീനയോട് താല്പര്യമുണ്ടെന്നും വേദാംഗി സംസാരിച്ചു.
വൈകാതെ ഇത് ഷോയ്ക്കുവേണ്ടിയുള്ള തന്ത്രമെന്ന നിലയിൽ നിന്നും കാര്യമായ അടുപ്പത്തിലേക്ക് വഴിമാറുകയായിരുന്നു. എന്നാൽ പ്രേക്ഷകർക്ക് ഈ ബന്ധം ഒട്ടും സ്വാഭാവികമായി അനുഭവപ്പെട്ടില്ല എന്നതാണ് വസ്തുത.
തുടക്കം മുതൽ അവസാനം വരെ വളരെ നിർബന്ധിതമായി അടിച്ചേൽപ്പിക്കപ്പെട്ട ഒന്നായാണ് നോബി – നിലീന സൗഹൃദത്തെ പുറത്തുള്ളവർ കണ്ടത്.
ഈ റിലേഷൻഷിപ്പ് നോബിയുടെ ഗെയിം ഗ്രാഫിനെ കാര്യമായി ബാധിക്കുകയും ചെയ്തു. തങ്ങൾക്കിടയിൽ പ്രണയമുണ്ടെന്ന് നോബി പലതവണ പരസ്യമായി വ്യക്തമാക്കിയെങ്കിലും, നിലീനയുടെ ഭാഗത്തുനിന്ന് അത്രയും വ്യക്തതയോടെയുള്ള പ്രതികരണങ്ങൾ ഉണ്ടായിരുന്നില്ല.
ഒഴുക്കിനൊപ്പം നീന്തുന്ന സമീപനമാണ് പലപ്പോഴും നിലീന സ്വീകരിച്ചത്. ഈ ആഴ്ചയിലെ നോമിനേഷനിൽ വേദാംഗിയുമായി നടത്തിയ ഇമോഷണൽ സംഭാഷണമാണ് നിലീനയ്ക്ക് വിനയായ മറ്റൊരു ഘടകം.
കൺഫെഷൻ റൂമിലെ ഈ ഇടപെടലുകൾ വളരെ കൃത്രിമമായി തോന്നിയെന്ന് പ്രേക്ഷകർക്കിടയിൽ വിമർശനമുയർന്നു. വേദാംഗി മാത്രം നോമിനേഷനിൽ വരികയും നിലീന സുരക്ഷിതയാകുകയും ചെയ്യുമായിരുന്ന സാഹചര്യത്തെ വൈൽഡ് കാർഡ് എൻട്രിയായ നൗഫീനയുടെ ഇടപെടലാണ് മാറ്റിമറിച്ചത്.
ഇത് നിലീനയെയും നോമിനേഷനിലേക്ക് വലിച്ചിടുകയും ഒടുവിൽ പുറത്തേക്കുള്ള വഴി തുറക്കുകയും ചെയ്തു. വിഷയങ്ങളെ കുറച്ചുകൂടി പക്വതയോടെയും സംയമനത്തോടെയും സമീപിച്ചിരുന്നെങ്കിൽ നിലീനയുടെ ബിഗ് ബോസ് യാത്ര ഇത്തരത്തിൽ അവസാനിക്കുമായിരുന്നില്ല.
എതിരാളികളെ കൃത്യമായി വിലയിരുത്താനും ഗെയിമിന്റെ സ്വഭാവം മനസ്സിലാക്കാനും കഴിവുള്ള നിലീനയ്ക്ക് ഇത്രയും വേഗം മടങ്ങേണ്ടി വരില്ലായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

