

First Published Oct 19, 2023, 7:21 AM IST
മലപ്പുറം: ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ ഭക്ഷണ നിര്‍മാണ വിതരണ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഭക്ഷണജന്യ-ജലജന്യ രോഗങ്ങള്‍ തടയുന്നതിന് വേണ്ടി ഭക്ഷണ നിര്‍മാണ വിതരണ യൂണിറ്റുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനാണ് പരിശോധനകള്‍ നടത്തിയത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയ ഇടങ്ങളില്‍ വിവിധ ഇനങ്ങളിലായി 53,200 രൂപ പിഴയീടാക്കുകയും ചെയ്തെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
332 ഹോട്ടലുകള്‍, 276 കൂള്‍ബാറുകള്‍, 23 കാറ്ററിംഗ് സെന്ററുകള്‍, 210 ബേക്കറികള്‍, എട്ട് ഐസ് പ്ലാന്റുകള്‍, ഒമ്പത് കുടിവെള്ള ബോട്ടിലിങ് യൂണിറ്റുകള്‍, ഒമ്പത് സോഡാ നിര്‍മാണ യൂണിറ്റുകള്‍, 22 സ്വകാര്യ കുടിവെള്ള ടാങ്കുകള്‍, 13 ഐസ്ക്രീം യൂണിറ്റുകള്‍ എന്നിവയാണ് പരിശോധിച്ചത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്തതിനും മലിനജലം പുറത്തേക്ക് ഒഴുക്കിയതിനും പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യം സൃഷ്ടിച്ചതിനുമായി 41 ഹോട്ടലുകള്‍ക്കും 23 കൂള്‍ബാറുകള്‍ക്കും അഞ്ച് കാറ്ററിംഗ് സെന്ററുകള്‍ക്കും, 13 ബേക്കറികള്‍ക്കും രണ്ട് ഐസ്പ്ലാന്റുകള്‍ക്കും നോട്ടീസ് നല്കി. പരിശോധനക്ക് ജില്ലയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ടെക്നിക്കല്‍ അസിസ്റ്റന്റുമാര്‍ നേതൃത്വം നല്കി.
‘പഴകിയ കേക്കും റസ്കും കപ്പയും, ഓടി നടന്ന് എലിയും പാറ്റയും’; ബേക്കറി അടച്ചുപൂട്ടി
ആലപ്പുഴ: ആലപ്പഴ നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചതായി നഗരസഭ ആരോഗ്യ വിഭാഗം. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ച, ബോട്ട് ജെട്ടിയ്ക്ക് സമീപത്തെ അശോക ബേക്കറി അടച്ചുപൂട്ടിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അശോക ബേക്കറിയില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത നിരവധി സാധനങ്ങളാണ് പിടിച്ചെടുത്തത്. 12 കിലോഗ്രാം കേക്ക്, 20 കിലോഗ്രാം റസ്ക്, 35 കിലോഗ്രാം കപ്പ ചിപ്സ്, കുഴലപ്പം, കപ്പ, ചക്ക വറത്തത്, ഒരു ഡ്രേ മുട്ട പുഴുങ്ങിയത്, 35 കിലോഗ്രാം വെജ്- നോണ്‍ വെജ് മസാല, ബീഫ് വേവിച്ചത്, പഴകിയ മാവ്, നാന്‍കട്ട, നെയ്യ്, പഴകിയ മാവ്, ബ്രഡ് എന്നിവയും ഉപയോഗ യോഗ്യമല്ലാത്ത പാത്രങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായ ടോയ്ലറ്റ്, ഡൈനിംഗ് ഹാള്‍, മാലിന്യ പരിപാലന സാഹചര്യത്തിന്റെ അപര്യാപ്തത, സ്ഥാപനത്തിന്റെ അകത്തും സമീപത്തുമായി എലി, പാറ്റ, പല്ലി, ചിലന്തി വല എന്നിവയും കണ്ടത്തോടെ സ്ഥാപനം അടച്ചുപൂട്ടാന്‍ ആരോഗ്യവിഭാഗം ഉത്തരവിടുകയായിരുന്നു. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി മനോജിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഐ അനീസ്, ആര് റിനോഷ്, ജെ ഖദീജ എന്നിവര്‍ പങ്കെടുത്തു.
Last Updated Oct 19, 2023, 7:21 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]