തിരുവനന്തപുരം വലിയവിള സ്വദേശിയും റിട്ട. കോളേജ് അധ്യാപകനുമായ ഡോ.
അനിൽ കുമാറിന്റെ ഒരു ലക്ഷം രൂപയാണ് വ്യാജ ഫോൺ കോളിലൂടെ തട്ടിയെടുത്തത്. കാലാവധി കഴിഞ്ഞ ഇൻഷുറൻസ് പോളിസി പുതുക്കി നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ഐസിഐസിഐ പ്രുഡൻഷ്യൽ ഇൻഷുറൻസ് കമ്പനിയുടെ പേരു പറഞ്ഞാണ് സംഘം ബന്ധപ്പെട്ടത്. രോഷ്നി ശർമ്മ എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതിയാണ് ഫോണിൽ വിളിച്ചത്.
2017-ൽ എടുത്ത പോളിസി ലാപ്സായെന്നും അത് പുതുക്കാൻ അവസരമുണ്ടെന്നും അവർ വിശ്വസിപ്പിച്ചു. പോളിസിയുടെ കാലാവധി 10 വർഷമാണെന്നും ഇത് അവസാനിക്കുന്നതിന് മുമ്പ് മുടങ്ങിയ പ്രീമിയം തുകയായ ഒരു ലക്ഷം അയച്ചാൽ പോളിസി തുക മുഴുവനും ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.
തുടർന്ന്, പുതുക്കാനുള്ള അവസാന ദിവസമാണെന്നും അടിയന്തരമായി നടപടികൾ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് കൊച്ചി ബ്രാഞ്ചിലെ അനുരാധ ജെയ്ൻ എന്ന ഉദ്യോഗസ്ഥയുടെ നമ്പർ നൽകുകയും ഐആർഡിഎഐയുടെ സ്ഥിരീകരണം ആവശ്യമാണെന്ന് അറിയിക്കുകയും ചെയ്തു. പോളിസി പുതുക്കുന്നതിന് രണ്ട് പ്രീമിയം തുകയായ ഒരു ലക്ഷം രൂപ പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഐസിഐസിഐ ബാങ്കിന്റെ ചിഹ്നവും വിവരങ്ങളും അടങ്ങിയ ലെറ്റർപാഡും വ്യാജ വാട്സ്ആപ്പ് പ്രൊഫൈലുകളും കാണിച്ചാണ് തട്ടിപ്പുകാർ വിശ്വാസ്യത നേടിയെടുത്തത്. ഇതു വിശ്വസിച്ച് പരാതിക്കാരൻ വഴുതക്കാട് ബ്രാഞ്ചിൽ നിന്ന് തുക കൈമാറി.
പിന്നീട് കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ഇതേ മേഖലയിൽ ജോലി ചെയ്തിരുന്ന സുഹൃത്തുമായി സംസാരിച്ചപ്പോഴാണ് തട്ടിപ്പിനിരയായ വിവരം അദ്ദേഹം തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് സൈബർ പൊലീസിൽ പരാതി നൽകുകയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഇൻഷുറൻസ് പോളിസി പുതുക്കാമെന്ന് പറഞ്ഞ് ആരെങ്കിലും സമീപിച്ചാൽ നേരിട്ട് അതത് കമ്പനികളുമായി ബന്ധപ്പെടണമെന്നും വ്യാജരേഖകളടക്കം തയാറാക്കി വിശ്വസിപ്പിച്ചുള്ള തട്ടിപ്പിൽ ജാഗ്രത പാലിക്കണമെന്നും അധ്യാപകൻ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

