ഓണാവധിക്കായി നാട്ടിലേക്ക് യാത്ര തിരിക്കുന്ന പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന. നിലവിൽ 3 മുതൽ 5 ഇരട്ടി വരെയാണ് വിവിധ വിമാനക്കമ്പനികൾ നിരക്ക് ഉയർത്തിയിരിക്കുന്നത്.
ഈ സാഹചര്യം അവധിക്കാലം ആഘോഷിച്ച് വിദേശത്തേക്ക് മടങ്ങുന്നവരുടെയും നാട്ടിലെത്തുന്നവരുടെയും സാമ്പത്തിക ഭാരം ഇരട്ടിയാക്കുന്നു. നാലംഗങ്ങളുള്ള ഒരു കുടുംബത്തിന് നാട്ടിലെത്തി തിരിച്ചുപോകാൻ മാത്രം ലക്ഷക്കണക്കിന് രൂപയാണ് നിലവിൽ ചെലവാകുന്നത്.
വർഷംതോറും ആവർത്തിക്കപ്പെടുന്ന ഈ യാത്രാദുരിതത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്നുണ്ടെങ്കിലും നിരക്ക് വർധന നിയന്ത്രിക്കാൻ അധികൃതർക്ക് സാധിക്കുന്നില്ല. മറ്റ് പ്രധാന വിമാനത്താവളങ്ങളെ അപേക്ഷിച്ച് സർവീസുകളുടെ ലഭ്യതക്കുറവുള്ളതാണ് കണ്ണൂർ വിമാനത്താവളത്തിൽ ടിക്കറ്റ് നിരക്ക് അനിയന്ത്രിതമായി കുതിച്ചുയരാൻ പ്രധാന കാരണം.
ഗൾഫ് രാജ്യങ്ങളിൽ വേനലവധി കഴിഞ്ഞ് സ്കൂളുകൾ പുനരാരംഭിക്കുന്ന സമയമായതിനാൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വലിയൊരു വിഭാഗം പ്രവാസികളാണ് യാത്രയ്ക്കായി തയ്യാറെടുക്കുന്നത്. ഈ തിരക്ക് മുൻകൂട്ടി കണ്ട് വിമാനക്കമ്പനികൾ ഓൺലൈൻ വഴി നിരക്കുകൾ കൃത്രിമായി ഉയർത്തിയിരിക്കുകയാണ്.
പെട്ടെന്ന് യാത്ര ചെയ്യേണ്ടി വരുന്നവർക്ക് മൂന്നും നാലും ഇരട്ടി തുക നൽകേണ്ട ഗതികേടിലാണ് പ്രവാസികൾ.
വിമാന ഇന്ധന വിലവർധനയുടെ പേരിൽ ഏർപ്പെടുത്തിയ സർചാർജുകൾക്ക് പുറമേയാണിത്. കഴിഞ്ഞ വർഷത്തെ ഓണസീസണിൽ ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് 30,000 രൂപ മുതൽ 35,000 രൂപ വരെയായിരുന്നു.
എന്നാൽ ഇത്തവണ അത് 35,000 രൂപ മുതൽ 45,000 രൂപ വരെയായി വർധിച്ചു. ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ മിക്ക ഗൾഫ് രാജ്യങ്ങളിലേക്കും നിരക്ക് 40,000 രൂപയ്ക്ക് മുകളിലാണ്.
ഈ മാസം 22ന് കണ്ണൂരിൽ നിന്ന് അബുദാബിയിലേക്കുള്ള ടിക്കറ്റ് നിരക്ക് 51,827 രൂപയാണ്. എന്നാൽ 20,000 രൂപ മുതൽ 26,000 രൂപ വരെ നിരക്ക് ഈടാക്കുന്ന മസ്കറ്റിലേക്ക് മാത്രമാണ് താരതമ്യേന കുറഞ്ഞ നിരക്കുള്ളത്.
ഈ ദിവസങ്ങളിൽ തിരിച്ച് നാട്ടിലേക്ക് എത്തുന്നതിന് 20,000 രൂപ മുതൽ 25,000 രൂപ വരെയാണ് ഈടാക്കുന്നത്. ഈ പ്രതിസന്ധികൾക്കിടയിലും യാത്രക്കാർക്ക് ആശ്വാസമായി കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഓണത്തോടനുബന്ധിച്ച് എട്ട് സ്പെഷൽ ബസുകൾ ഈ മാസം 20 മുതൽ സർവീസ് ആരംഭിക്കും. ഇതിൽ 6 എണ്ണം ബെംഗളൂരുവിൽ നിന്നും 2 എണ്ണം മൈസൂരുവിൽ നിന്നുമാണ് കണ്ണൂരിലേക്ക് സർവീസ് നടത്തുന്നത്.
ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ: ബെംഗളൂരു – കണ്ണൂർ സൂപ്പർ ഫാസ്റ്റ് 670 രൂപ, ഡീലക്സ് 961 രൂപ, മൈസൂരു സൂപ്പർ ഫാസ്റ്റ് 414 രൂപ. ഈ സർവീസുകളുടെ അഡ്വാൻസ് ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
കൂടാതെ, യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരം, ബെംഗളൂരു റൂട്ടുകളിൽ എയർ ഇന്ത്യ എക്സ്പ്രസ് അധിക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ആഴ്ചയിൽ 4 ദിവസമാണ് കണ്ണൂർ–തിരുവനന്തപുരം റൂട്ടിൽ സർവീസ് ഉള്ളത്.
ഇതിനുപുറമേ 22, 29, 31 തീയതികളിൽ അധിക സർവീസുകൾ ഉണ്ടായിരിക്കും. തിരുവനന്തപുരത്തു നിന്ന് 19, 22, 24, 26, 27, 30, 31 തീയതികളിലും, ബെംഗളൂരു റൂട്ടിൽ 26, 28, 31 തീയതികളിലും പുതിയ സർവീസുകൾ ലഭ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

