വയനാട്ടിലെയും സമീപ മലബാർ ജില്ലകളിലെയും സഞ്ചാരികളുടെ യാത്രാ ലിസ്റ്റിൽ മുൻപന്തിയിലാണ് ഇപ്പോൾ കർണാടകയിലെ ഗുണ്ടൽപേട്ട. ഇവിടേക്കുള്ള പൂപ്പാടങ്ങളും മുന്തിരിത്തോട്ടങ്ങളും കാണാൻ ദിവസേന നിരവധി പേരാണ് കർണാടക അതിർത്തി കടന്നെത്തുന്നത്.
ബത്തേരിയിൽ നിന്ന് ഗുണ്ടൽപേട്ടയിലേക്ക് നിലവിൽ മൂന്ന് ഓർഡിനറി സർവീസുകളാണ് ഉള്ളത്. ഇതിനുപുറമേ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകളും സർവീസ് നടത്തുന്നുണ്ട്.
പ്രിയദർശിനി സൗജന്യയാത്ര ആരംഭിച്ചതോടെയാണ് ബസുകളിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനാവാത്ത വിധം വർധിച്ചത്. രാവിലെ 10.30-ന് ബത്തേരിയിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട
ഓർഡിനറി ബസിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ബസ് സ്റ്റാൻഡിലേക്ക് എത്തിയ ഉടൻ തന്നെ യാത്രക്കാർ വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
തുടർന്ന് കെഎസ്ആർടിസി ഡിപ്പോയിലെത്തിയപ്പോഴും വൻ ജനക്കൂട്ടമാണുണ്ടായിരുന്നത്. ബസിൽ അമിത ഭാരം വന്നതിനെ തുടർന്ന് ഡ്രൈവറും കണ്ടക്ടറും ചേർന്ന് ചിലരെ താഴെയിറക്കേണ്ടി വന്നു.
എന്നിരുന്നാലും നൂറിലധികം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. ബസ് ഓവർലോഡാകുന്നത് മൂലം വിവിധ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് ഡ്രൈവർ ജഗദീഷ് വ്യക്തമാക്കി.
യാത്രക്കാരുടെ തിരക്ക് നിയന്ത്രിച്ചു മടുത്തതായി കണ്ടക്ടർ സജുവും പറയുന്നു. സാമൂഹിക മാധ്യമങ്ങളിലെ റീലുകളാണ് ബത്തേരി – ഗുണ്ടൽപേട്ട
യാത്ര ഇത്രയധികം തരംഗമാക്കാൻ കാരണമായതെന്നാണ് ഇവരുടെ പക്ഷം. സ്ത്രീകൾക്ക് സൗജന്യ ടിക്കറ്റ് ഏർപ്പെടുത്തിയത് തിരക്ക് വർധിക്കാൻ പ്രധാന കാരണമായി.
ഗുണ്ടൽപേട്ടയിലേക്ക് കൂടുതൽ ബസുകൾ സർവീസ് നടത്തണമെന്നാണ് യാത്രക്കാരിയായ ആശയുടെ ആവശ്യം. എല്ലാ വർഷവും ഇവിടം സന്ദർശിക്കാറുണ്ടെന്നും ഓണം ആഘോഷിക്കാനായി നിരവധി പേരാണ് ബസുകളിൽ എത്തുന്നതെന്നും മറ്റു യാത്രക്കാരും പ്രതികരിച്ചു.
സ്ത്രീകൾക്ക് ലഭിക്കുന്ന സൗജന്യയാത്ര വലിയ തോതിൽ ഉപകാരപ്പെടുന്നുണ്ടെന്നും പണ്ടുകാലങ്ങളിൽ വീടുകളിൽ മാത്രം ഒതുങ്ങിക്കൂടിയിരുന്നവർക്ക് നാടുകാണാൻ ഇത് മികച്ച അവസരമാണെന്നും യാത്രക്കാർ അഭിപ്രായപ്പെടുന്നു. ബത്തേരിയിൽ നിന്ന് മുത്തങ്ങയിലെത്തി ബന്ദിപ്പൂർ വനമേഖല കടന്നാണ് ഗുണ്ടൽപേട്ടയിലേക്കുള്ള യാത്ര.
പതുക്കെ നീങ്ങുന്ന ബസിലിരുന്ന് കാനനക്കാഴ്ചകൾ ആസ്വദിക്കുന്നത് മികച്ച അനുഭവമാണ്. മുത്തങ്ങ കാടുകളിലൂടെയുള്ള യാത്രയിൽ കാട്ടാനകളും മാൻകൂട്ടങ്ങളും റോഡരികിലേക്ക് എത്തുന്നത് പതിവാണ്.
വനം പിന്നിട്ടാൽ പിന്നെ കർണാടകയുടെ ഗ്രാമീണ ഭൂപ്രകൃതിയിലേക്കാണ് പ്രവേശിക്കുന്നത്. പച്ചക്കറികൾ, പൂന്തോട്ടങ്ങൾ, മുന്തിരിത്തോട്ടങ്ങൾ എന്നിവയാൽ സമൃദ്ധമാണ് ഇവിടം.
ദേശീയപാതയോട് ചേർന്നുള്ള പൂന്തോട്ടമാണ് ഗുണ്ടൽപേട്ടയിലെ കെഎസ്ആർടിസി ബസിന്റെ ആദ്യ സ്റ്റോപ്പ്. ഇതിനുശേഷമാണ് മുന്തിരിത്തോട്ടങ്ങൾ എത്തുന്നത്.
പൂന്തോട്ടത്തിന് സമീപമുള്ള സ്റ്റോപ്പിൽ ഭൂരിഭാഗം യാത്രക്കാരും ഇറങ്ങുന്നുണ്ട്. മുന്തിരിപ്പാടങ്ങൾ കാണാൻ കൗതുകമുള്ളവരും ഇവിടെ ഇറങ്ങുന്നു.
ഇതോടെ ആളൊഴിഞ്ഞ അവസ്ഥയിലാകും ബസ് പിന്നീട് ഗുണ്ടൽപേട്ട ടൗണിലേക്ക് നീങ്ങുന്നത്.
സൂര്യകാന്തി, ജമന്തി, ചെണ്ടുമല്ലി തുടങ്ങിയ പൂക്കളാണ് ഗുണ്ടൽപേട്ടയിൽ പ്രധാനമായും കൃഷി ചെയ്യുന്നത്. ഓണക്കാലത്ത് കേരളത്തിലേക്ക് കയറ്റി അയക്കാനായി തയാറാക്കിയ പൂക്കളാണിതെന്ന് കർഷകർ വ്യക്തമാക്കുന്നു.
കർണാടകയിലെ ഈ പ്രദേശത്ത് ഓരോ സീസണിലും വ്യത്യസ്ത കൃഷികളായിരിക്കും. ഓണത്തിന് മുന്നോടിയായി ജൂൺ, ജൂലൈ മാസങ്ങളിലാണ് പൂകൃഷി ഇറക്കുന്നത്.
ഓഗസ്റ്റ് മാസമാകുമ്പോഴേക്കും പാടങ്ങൾ പൂർണ്ണമായും പൂക്കളാൽ നിറയും. കേരളത്തിലും കർണാടകയിലും നിന്നുൾപ്പെടെ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.
38 സെന്റ് സ്ഥലത്തുള്ള മലപ്പുറം കോട്ടയ്ക്കൽ സ്വദേശി ടി.ടി. അഷറഫിന്റെതാണ് പ്രദേശത്തെ മുന്തിരിത്തോട്ടം.
കേരളത്തിൽ നിന്നുള്ളവർക്ക് ഫാം ടൂറിസം പോലെയുള്ള സാധ്യതകൾ പഠിക്കാൻ മികച്ച അവസരമാണ് ഗുണ്ടൽപേട്ടിലേക്കുള്ള ഈ യാത്രാ പ്രവാഹമെന്ന് അഷറഫ് അഭിപ്രായപ്പെടുന്നു. വൈകുന്നേരത്തെ കെഎസ്ആർടിസി ബസുകളിലാണ് സഞ്ചാരികൾ പ്രധാനമായും മടങ്ങാറുള്ളത്.
ബന്ദിപ്പൂർ വനമേഖലയിലെ ഗേറ്റ് രാത്രി 9 മണിക്ക് മുൻപായി കടക്കേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

