ഉത്രാടപ്പാച്ചിലും ഓണാഘോഷങ്ങളും സജീവമായതോടെ നാടും നഗരവും മാവേലിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. കുടവയറും കൊമ്പൻ മീശയും കിരീടവും ഓലക്കുടയുമൊക്കെയായി മാവേലിമാർ ഇതിനകം തന്നെ തിരക്കിലാണിപ്പോൾ.
ഓൾ കേരള മാവേലി അസോസിയേഷന്റെ കീഴിൽ മാത്രം സംസ്ഥാനത്താകെ 574 പേരാണ് ഈ വേഷം ധരിച്ച് രംഗത്തിറങ്ങുന്നത്. മാവേലി വേഷത്തിൽ മണിക്കൂറുകളോളമോ അല്ലെങ്കിൽ ദിവസം മുഴുവനുമോ നിൽക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
ഇരിക്കാനോ ആഹാരം കഴിക്കാനോ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനോ പോലും ഇവർക്ക് വലിയ തോതിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്. 3,500 മുതൽ 5,000 രൂപ വരെ വേതനം ലഭിക്കുന്നവരുണ്ടെങ്കിലും, ഒരുങ്ങിയെത്താൻ ഇതിലും എത്രയോ ഉയർന്ന തുക ചെലവാകുന്നുണ്ടെന്ന് മാവേലിമാർ വ്യക്തമാക്കുന്നു.
വേഷത്തിന് വാടക കൂടുതലായതുകൊണ്ട് തന്നെ ഭൂരിഭാഗം പേരും സ്വന്തമായി വേഷം തുന്നിച്ചെടുക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ 40 വർഷമായി മാവേലി വേഷം അണിയുന്ന അടൂർ സുനിൽകുമാർ കർക്കടകം മുതൽ തന്നെ ഇതിനായി പ്രത്യേക ആഹാരക്രമമാണ് പാലിക്കുന്നത്.
വ്രതത്തിന്റെ ഭാഗമായി ഈ ദിവസങ്ങളിൽ അദ്ദേഹം മത്സ്യവും മാംസവും തൊടാറില്ല. കർക്കടകം പിറന്നാൽപ്പിന്നെ അതിരാവിലെ 5 മണിക്ക് തണുത്ത ചോറിൽ ഉള്ളി ചതച്ചതും തൈരും ചമ്മന്തിയും ചേർത്തു കഴിക്കുന്നതാണ് ഇദ്ദേഹത്തിന്റെ പതിവ്.
കുടവയർ നിലനിർത്താനാണ് ഈ പ്രത്യേക ആഹാരക്രമം. എന്നാൽ ഓണസീസൺ കഴിയുന്നതോടെ ഭക്ഷണത്തിന്റെ അളവ് ഗണ്യമായി കുറച്ച് ഇവർ തങ്ങളുടെ ആരോഗ്യം തിരികെപ്പിടിക്കുകയാണ് പതിവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

