വിഴിഞ്ഞം രാജ്യാന്തര തുറമുഖം കേന്ദ്രീകരിച്ച് കണ്ടെയ്നറുകളുടെ നേരിട്ടുള്ള കയറ്റുമതി, ഇറക്കുമതി (എക്സിം) പ്രവർത്തനങ്ങൾക്ക് ഓഗസ്റ്റ് 18-ന് തുടക്കം കുറിക്കും. റോഡ് മാർഗമുള്ള ചരക്കുനീക്കം സുഗമമാക്കുന്നതിലൂടെ തുറമുഖത്തിന്റെ പ്രവർത്തനങ്ങളിൽ നിർണായകമായ മാറ്റമാണ് സംഭവിക്കാൻ പോകുന്നത്.
ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ആദ്യ കയറ്റുമതി കണ്ടെയ്നർ ഫ്ലാഗ് ഓഫ് ചെയ്യും. ഇതിനുശേഷം നടക്കുന്ന സമ്മേളനത്തിൽ സർക്കാരിന്റെ സ്വപ്നപദ്ധതിയായ ‘മിഷൻ സമുദ്ര’ ഔദ്യോഗികമായി പ്രഖ്യാപിക്കും.
അന്താരാഷ്ട്ര ഷിപ്പിങ് കമ്പനികൾ, വ്യവസായ പ്രമുഖർ, ലോജിസ്റ്റിക്സ് വിദഗ്ധർ, നിക്ഷേപകർ എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ കേരളത്തിന്റെ സമുദ്രാധിഷ്ഠിത വികസന നയരേഖ അവതരിപ്പിക്കും. നിലവിൽ മദർഷിപ്പുകളിൽ വിഴിഞ്ഞത്തെത്തുന്ന ചരക്കുകൾ ചെറുകപ്പലുകൾ വഴി കൊച്ചി, ചെന്നൈ, മുംബൈ തുടങ്ങിയ തുറമുഖങ്ങളിലെത്തിച്ചാണ് റോഡ് മാർഗം ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നത്.
കയറ്റുമതി കണ്ടെയ്നറുകളും സമാനമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഈ രീതിയിൽ മാറ്റം വരുത്തി വിഴിഞ്ഞം വഴി നേരിട്ട് റോഡ് മാർഗം ചരക്കുനീക്കം നടപ്പിലാക്കുന്നതോടെ ഗതാഗതച്ചെലവും സമയവും വലിയ തോതിൽ കുറയ്ക്കാൻ സാധിക്കും.
സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായാണ് ഈ സേവനങ്ങൾ ആരംഭിക്കുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ വിഴിഞ്ഞം സമ്പൂർണ വാണിജ്യ കവാടമായി മാറുമെന്നും ഇത് വലിയ തോതിലുള്ള നിക്ഷേപങ്ങൾക്കും തൊഴിലവസരങ്ങൾക്കും വഴിയൊരുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

