കർണാടകയിൽ നിലനിൽക്കുന്ന അതിരൂക്ഷമായ വരൾച്ചാ സാഹചര്യം ചർച്ച ചെയ്യുന്നതിനായി ജൂലൈ 20-ന് അടിയന്തര മന്ത്രിസഭാ യോഗം ചേരുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു.
സംസ്ഥാനത്തെ നിലവിലെ പ്രതിസന്ധിയും വരൾച്ചയെ തുടർന്നുണ്ടായ ജനങ്ങളുടെ പലായനവും യോഗത്തിൽ ഗൗരവമായി പരിശോധിക്കും. തിങ്കളാഴ്ച രാവിലെ ജില്ലാ കളക്ടർമാർ, ജില്ലാ പഞ്ചായത്ത് സി.ഇ.ഒമാർ എന്നിവരുമായി നടത്തുന്ന വീഡിയോ കോൺഫറൻസിംഗിന് ശേഷമാകും അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളുക.
സംസ്ഥാനത്തെ ജലാശയങ്ങളിൽ നിലവിലുള്ള ജലം പൂർണമായും കുടിവെള്ള ആവശ്യങ്ങൾക്കായി മാത്രമായി പരിമിതപ്പെടുത്തിയതായി ഡി.കെ. ശിവകുമാർ വ്യക്തമാക്കി.
ഡാമുകളിൽ ആവശ്യത്തിന് ജലലഭ്യത ഉറപ്പാകും വരെ കാർഷിക ആവശ്യങ്ങൾക്കായി ജലം തുറന്നുവിടില്ലെന്ന് അദ്ദേഹം അറിയിച്ചു. “കൃഷിക്ക് വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയിൽ കർഷകർ വിത്തുപാകരുതെന്നും, വെള്ളത്തിനായി സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തരുതെന്നും” അദ്ദേഹം കർഷകരോട് അഭ്യർത്ഥിച്ചു.
ജലനിരപ്പിൽ കാര്യമായ വർധനവുണ്ടായാൽ മാത്രമേ കാർഷിക ആവശ്യങ്ങൾക്കുള്ള ജലവിതരണം പരിഗണിക്കൂ. കാവേരി, തുംഗഭദ്ര നദീജല പങ്കിടലുമായി ബന്ധപ്പെട്ട് അയൽസംസ്ഥാനങ്ങളിൽ നിന്ന് സമ്മർദ്ദമേറുന്ന സാഹചര്യത്തിൽ, കേന്ദ്രത്തിൽ വിഷയങ്ങൾ വ്യക്തമാക്കാൻ സർക്കാർ നീക്കം തുടങ്ങിയിട്ടുണ്ട്.
പാർലമെന്റ് സമ്മേളനത്തിൽ കാവേരി വിഷയം ഉയരാൻ സാധ്യതയുള്ളതിനാൽ, സംസ്ഥാനത്തിന്റെ സാഹചര്യം എംപിമാരെ ബോധ്യപ്പെടുത്തും. വിഷയം നിലവിൽ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം സെൻട്രൽ വാട്ടർ കമ്മീഷന്റെ പരിഗണനയിലാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സംസ്ഥാനത്ത് ഏകദേശം 30 ശതമാനത്തോളം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ഡി.കെ. ശിവകുമാർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
വരൾച്ചാ സ്ഥിതി നേരിട്ട് വിലയിരുത്താൻ കേന്ദ്ര സംഘത്തെ നിയോഗിക്കണമെന്ന ആവശ്യത്തിൽ മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ, കൂടുതൽ വ്യക്തമായ കണക്കുകൾ കേന്ദ്രത്തിന് ഉടൻ സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

