സംസ്ഥാന ബജറ്റിൽ ജനക്ഷേമകരമായ ഒട്ടേറെ വികസന പദ്ധതികൾക്ക് ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തുടക്കം കുറിച്ചു. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ പരിരക്ഷ ഉറപ്പാക്കുന്ന സൗജന്യ ഇൻഷുറൻസ് പദ്ധതിയായ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു.
ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വയോജന വകുപ്പിന്റെ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപയും ബജറ്റിൽ നീക്കിവെച്ചു.
വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് കേരള നോളജ് വാലി പദ്ധതിക്ക് രൂപം നൽകി. സംസ്ഥാനത്തെ വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന പ്രവണത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ഇതിനായി 100 കോടി രൂപ വകയിരുത്തി. അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സൗകര്യങ്ങൾ കേരളത്തിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി വിദേശ സർവകലാശാലകളുമായും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സഹകരിച്ചുള്ള അക്കാദമിക് പ്രോഗ്രാമുകൾ സംസ്ഥാനത്ത് നടപ്പിലാക്കും.
കൂടാതെ, സ്വകാര്യ സർവകലാശാല ബില്ലിൽ ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും ബജറ്റിൽ വ്യക്തമാക്കി. തീരദേശ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 400 കോടി രൂപ ചിലവിൽ മിഷൻ സമുദ്ര പദ്ധതിയും പ്രഖ്യാപിച്ചു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ ആഗോളതലത്തിൽ ശ്രദ്ധേയമായ ഒരു മാരിടൈം ശക്തിയായി ഉയർത്തുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിനോടൊപ്പം തന്നെ ഒരു പുതിയ കപ്പൽ നിർമ്മാണ കേന്ദ്രവും അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും സ്ഥാപിക്കുമെന്ന് ബജറ്റിൽ പറയുന്നു.
കാർഷിക മേഖലയിലെ പുരോഗതിക്കായി ക്ഷീര വികസനത്തിന് 102 കോടി രൂപ വകയിരുത്തി. വരും മൂന്ന് വർഷത്തിനുള്ളിൽ പ്രതിദിന പാൽ ഉൽപാദനം ഒരു കോടി ലിറ്ററാക്കി വർദ്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പ്രിയദർശിനി പദ്ധതിക്കായി 600 കോടി രൂപയും, ആശ വർക്കർമാരുടെ ഓണറേറിയത്തിനായി 78 കോടി രൂപയും അനുവദിച്ചു. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനായുള്ള പ്രത്യേക പദ്ധതികൾക്കും ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

