ഉത്തർപ്രദേശിലെ റായ്ബറേലിയിൽ 45 വയസ്സുകാരനായ കാവൽക്കാരൻ ക്രൂരമായി കൊല്ലപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്.
സംഭവത്തിൽ പ്രതിയായ രാജ്കിഷോറിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടന്ന് 72 മണിക്കൂറിനുള്ളിലാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.
താക്കൂർ ലെയ്ൻ ഖേര ഗ്രാമത്തിലെ ടാങ്ക് നിർമാണ സ്ഥലത്ത് സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ബിന്ദ പ്രസാദാണ് കൊല്ലപ്പെട്ടത്. സംഭവദിവസം നിർമാണ സ്ഥലത്തെ കട്ടിലിൽ ഉറങ്ങുകയായിരുന്ന ബിന്ദ പ്രസാദിനെ പ്രതി ആക്രമിക്കുകയായിരുന്നു.
ബിന്ദ പ്രസാദിന്റെ ഭാര്യയുമായി രാജ്കിഷോറിനുള്ള അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബിന്ദ പ്രസാദിനെ പ്രതി പലതവണ വെട്ടിക്കൊല്ലുകയും തുടർന്ന് കഴുത്തറുക്കുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കൃത്യത്തിന് ശേഷം മൃതദേഹം വികൃതമാക്കുന്നതിന്റെ ഭാഗമായി ബിന്ദ പ്രസാദിന്റെ മൂക്കും ചെവിയും പ്രതി അറുത്തെടുത്തിരുന്നു. രാവിലെ സമീപത്തെ പാടങ്ങളിലേക്ക് പോയ ഗ്രാമീണരാണ് ടാങ്ക് പരിസരത്ത് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘവും ഫോറൻസിക് വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. ബിന്ദ പ്രസാദിന്റെയും കുടുംബാംഗങ്ങളുടെയും ഫോൺ കോൾ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയായ രാജ്കിഷോറിലേക്ക് എത്തിയത്.
ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ബിന്ദ പ്രസാദിന്റെ ഭാര്യയുമായി കഴിഞ്ഞ മൂന്ന് വർഷമായി തനിക്ക് ബന്ധമുണ്ടായിരുന്നതായി പ്രതി പോലീസിനോട് വെളിപ്പെടുത്തി.
ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ ബിന്ദ പ്രസാദ് ഇരുവരെയും ശകാരിച്ചിരുന്നതായും, ഇതേത്തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

