തിരുവനന്തപുരം നഗരത്തിൽ യുവതിക്കു നേരെ നടന്ന വധശ്രമവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിൽ. കരിമഠം സ്വദേശിയായ ബിജു ആണ് കരമന പോലീസിന്റെ പിടിയിലായത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. പാപനംകോട് പാറയിൽക്കടവ് റോഡിൽ വെച്ചാണ് ആക്രമണം നടന്നത്.
കിള്ളിപ്പാലത്തു വെച്ച് യുവതിയെ ബലമായി കാറിൽ കയറ്റിയ പ്രതി, ഇവരെ തമലം ഭാഗത്തേക്കുള്ള പാറയിൽക്കടവ് റോഡിലെത്തിച്ച ശേഷം കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കാറിൽ നിന്നും പുറത്തിറങ്ങി ഓടാൻ ശ്രമിക്കുന്നതിനിടെ യുവതി റോഡിൽ വീഴുകയായിരുന്നു.
ഇതിനിടയിൽ കാറുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കരുമം ഭാഗത്ത് വെച്ച് നാട്ടുകാർ തടഞ്ഞുവെക്കുകയും പോലീസിന് കൈമാറുകയും ചെയ്തു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ കരമന പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്ഥലത്തെത്തിയ ഫോറൻസിക് സംഘവും വിരലടയാള വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചു.
ഇരുവരും തമ്മിൽ മുൻപരിചയമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

