പുതിയ എക്സ്പീരിയ 1 VIII സ്മാർട്ട്ഫോണിൻ്റെയും അതിലെ എഐ ക്യാമറ അസിസ്റ്റൻ്റ് ഫീച്ചറിൻ്റെയും പ്രൊമോഷൻ സോണിക്ക് തിരിച്ചടിയാകുന്നു. കമ്പനിയുടെ ഔദ്യോഗിക എക്സ് (X) അക്കൗണ്ടിൽ പങ്കുവെച്ച ചിത്രങ്ങൾ വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.
എക്സ്പീരിയ 1 VIII ക്യാമറ ഉപയോഗിച്ച് പകർത്തിയ ഒറിജിനൽ ചിത്രങ്ങളും, അതേ ചിത്രങ്ങൾ എഐ ക്യാമറ അസിസ്റ്റൻ്റ് ഉപയോഗിച്ച് എഡിറ്റ് ചെയ്ത പതിപ്പുകളും താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. എന്നാൽ, എഐ എഡിറ്റ് ചെയ്ത ചിത്രങ്ങൾ ഒറിജിനലിനേക്കാൾ നിലവാരമില്ലാത്തതാണെന്ന് ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി.
നിറങ്ങളുടെ കുറവും വ്യക്തതയില്ലായ്മയും മൂലം ചിത്രങ്ങൾ കൃത്രിമമായി തോന്നുന്നുവെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഈ ചിത്രങ്ങൾ തെറ്റായി അപ്ലോഡ് ചെയ്തതാണെന്ന് ആദ്യം കരുതിയെങ്കിലും, പിന്നീട് സോണി തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി.
എഐ ക്യാമറ അസിസ്റ്റൻ്റ് ചിത്രങ്ങൾ എഡിറ്റ് ചെയ്യുകയല്ല, മറിച്ച് ഫോട്ടോഗ്രാഫർക്ക് തിരഞ്ഞെടുക്കാൻ സാധിക്കുന്ന നാല് വ്യത്യസ്ത ക്രിയേറ്റീവ് സെറ്റിംഗുകൾ നിർദ്ദേശിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് കമ്പനി വിശദീകരിച്ചു. ഈ ചിത്രങ്ങൾ വെറുമൊരു സോഷ്യൽ മീഡിയ പോസ്റ്റിന് വേണ്ടി മാത്രമല്ല, എക്സ്പീരിയ 1 VIII-ൻ്റെ പ്രീ-ഓർഡർ പേജിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ 13 ദശലക്ഷത്തിലധികം ആളുകൾ ഈ പോസ്റ്റ് കണ്ടുകഴിഞ്ഞു. ഇതിന് താഴെ വന്ന നാലായിരത്തോളം കമൻ്റുകളിൽ ഭൂരിഭാഗവും പരിഹാസ രൂപേണയുള്ളതാണ്.
മെയ് 14-നാണ് സോണി എക്സ്പീരിയ 1 VIII പ്രഖ്യാപിച്ചത്. 1,399 പൗണ്ട് (ഏകദേശം 1,870 ഡോളർ) വില നിശ്ചയിച്ചിരിക്കുന്ന ഈ ഫോൺ യുകെ വിപണിയിൽ ലഭ്യമാകും.
സ്മാർട്ട്ഫോൺ വിപണിയിലെ മറ്റ് മുൻനിര ബ്രാൻഡുകളുമായി മത്സരിക്കുമ്പോൾ, ഫോണിൻ്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതയായ ക്യാമറയെ ഇത്തരം എഐ ഫീച്ചറുകൾ വെച്ച് പ്രൊമോട്ട് ചെയ്തത് കമ്പനിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ.
എഐ സാങ്കേതികവിദ്യയുടെ പിന്നാലെ പായുന്നതിൽ കമ്പനികൾ കാണിക്കുന്ന തിടുക്കം ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

