തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം ഇന്നലെ ജനസാഗരമായി മാറി. പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് അധികാരത്തിലേക്ക് മടങ്ങിയെത്തിയതിന്റെ ആവേശത്തിൽ അരലക്ഷത്തോളം പ്രവർത്തകരാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കുചേരാൻ നഗരത്തിലെത്തിയത്.
സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കാതെ ആയിരക്കണക്കിന് ആളുകൾ സമീപത്തെ റോഡുകളിലും തടിച്ചു കൂടി. രാവിലെ ഏഴ് മണിക്ക് മുൻപുതന്നെ സ്റ്റേഡിയത്തിന്റെ പ്രവേശന കവാടങ്ങളിൽ പ്രവർത്തകരുടെ നീണ്ട
നിര ദൃശ്യമായിരുന്നു. ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലീസ് ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങൾ പലയിടത്തും അപര്യാപ്തമായി.
ബാരിക്കേഡുകൾ തകർത്ത് പ്രവർത്തകർ സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറിയതോടെ നിയന്ത്രണങ്ങൾ പാളി. സെക്രട്ടേറിയറ്റ് അനക്സിന് മുൻവശത്തുള്ള വിഐപി പ്രവേശന കവാടത്തിലും സമാനമായ തിരക്ക് അനുഭവപ്പെട്ടു.
കടുത്ത ചൂട് അവഗണിച്ചും പ്രവർത്തകർ കാത്തുനിന്നു. രാവിലെ 9.45-ഓടെ നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ വേദിയിലെത്തിയതോടെ സ്റ്റേഡിയം ആവേശത്തിലായി.
“കണ്ണേ, കരളേ… വിഡിഎസേ” എന്ന മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങി. തുടർന്ന് രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയ യുഡിഎഫ് നേതാക്കളെയും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെയും പ്രവർത്തകർ വരവേറ്റു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ എന്നിവർ വേദിയിലെത്തിയതോടെ ആവേശം പാരമ്യത്തിലെത്തി. കൃത്യം 10 മണിക്ക് ഗവർണർ രാജേന്ദ്ര ആർലേക്കർ വേദിയിലെത്തി.
പിന്നാലെ വി.ഡി.സതീശൻ കേരളത്തിന്റെ 24–ാമത്തെ മുഖ്യമന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് 20 മന്ത്രിമാരും അധികാരമേറ്റു.
പായസ വിതരണവും ബൈക്ക് റാലിയും ചെണ്ടമേളവുമായി സംസ്ഥാനത്തുടനീളം യുഡിഎഫ് പ്രവർത്തകർ ആഘോഷം സംഘടിപ്പിച്ചു. പത്തുവർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് അധികാരത്തിലേക്ക് മടങ്ങിയെത്തിയതിന്റെ ആശ്വാസത്തിലാണ് മുന്നണി പ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

