റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്ന നടപടികൾ തുടർന്നു കൊണ്ടുപോകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. അമേരിക്കയുമായുള്ള വ്യാപാരക്കരാറിലെ വ്യവസ്ഥകൾ റഷ്യൻ എണ്ണ ഇറക്കുമതിയെ ബാധിക്കുമോ എന്ന ആശങ്കകൾക്കിടെയാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത്, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് റഷ്യൻ എണ്ണ വാങ്ങുന്നതിന് അനുവദിച്ചിരുന്ന ഇളവ് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് 30 ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയോടെ ഇതിന്റെ കാലാവധി അവസാനിച്ചിരുന്നുവെങ്കിലും, പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇളവ് തുടരാൻ തീരുമാനിക്കുകയായിരുന്നു.
ഇക്കാര്യത്തിൽ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി സുജാത ശർമ വ്യക്തമാക്കിയത് ഇങ്ങനെയാണ്: “യുഎസുമായുള്ള വ്യാപാരക്കരാർ നിലവിൽ വരുന്നതിനു മുൻപും ശേഷവും ഇന്ത്യ റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നുണ്ടെന്നും അത് തുടരുമെന്നും”. രാജ്യത്ത് ക്രൂഡോയിൽ ലഭ്യതയിൽ യാതൊരു വിധത്തിലുള്ള കുറവോ പ്രതിസന്ധിയോ നിലവിലില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, പശ്ചിമേഷ്യൻ സംഘർഷം അന്താരാഷ്ട്ര വിപണിയിൽ രാസവളങ്ങളുടെ വിലയിൽ വലിയ വർധനവ് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും, ഇന്ത്യൻ കർഷകർക്ക് ഇത് തിരിച്ചടിയാകില്ലെന്ന് വളം മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര ഉൽപ്പാദനത്തിൽ ചെറിയ ഇടിവുണ്ടായെങ്കിലും, ഇറക്കുമതി വർദ്ധിപ്പിച്ചു കൊണ്ട് വളത്തിന്റെ ലഭ്യത സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്.
ട്രിപ്പിൾ സൾഫർ ഫോസ്ഫേറ്റ് (ടിഎസ്പി), അമോണിയം സൾഫേറ്റ് എന്നിവയ്ക്കായി ആഗോള ടെൻഡർ നടപടികൾ ആരംഭിച്ചതായി വളം മന്ത്രാലയം അഡീഷണൽ സെക്രട്ടറി അപർണ ശർമ അറിയിച്ചു. യൂറിയയുടെ ആഗോള വില ചാക്കിന് (45 കിലോ) 4000 രൂപ കടന്നിട്ടും, സർക്കാർ സബ്സിഡി നൽകി 266.5 രൂപയ്ക്കാണ് കർഷകർക്ക് ലഭ്യമാക്കുന്നത്.
ഉയർന്ന വിലയ്ക്ക് ഇറക്കുമതി ചെയ്യുമ്പോഴും ചില്ലറ വിൽപന വിലയിൽ ഒരു രൂപയുടെ വർധനവ് പോലും വരുത്തില്ലെന്ന് മന്ത്രാലയം ഉറപ്പുനൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

