യുഎഇയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ വേതന സംരക്ഷണം ഉറപ്പാക്കുന്നതിനായി കർശന നടപടികളുമായി അധികൃതർ രംഗത്ത്. ഇനിമുതൽ ഓരോ മാസവും ഒന്നാം തീയതി തന്നെ തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് ശമ്പളം ലഭ്യമാക്കിയിരിക്കണം.
ഒന്നാം തീയതിക്ക് ശേഷം ശമ്പളം നൽകുന്നത് കുടിശികയായി കണക്കാക്കും. പുതിയ നിബന്ധനകൾ പ്രകാരം, ശമ്പളം മുടങ്ങുന്ന ഓരോ ദിവസവും കമ്പനികൾക്കെതിരെയുള്ള നടപടികൾ കടുപ്പമേറും.
രണ്ടാം ദിവസം മുതൽ കമ്പനികൾക്ക് മുന്നറിയിപ്പ് നോട്ടീസുകൾ ലഭിക്കും. അഞ്ചാം ദിവസവും ശമ്പളം ലഭിച്ചില്ലെങ്കിൽ പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നത് മന്ത്രാലയം തടയും.
ശമ്പള വിതരണത്തിലെ വീഴ്ച ആറു മാസത്തിനിടെ ആവർത്തിക്കുകയാണെങ്കിൽ നടപടികൾ കൂടുതൽ കർശനമാകും. പതിനൊന്നാം ദിവസം മുതൽ കമ്പനികൾക്ക് പിഴ ചുമത്തുകയും, സ്ഥാപനത്തിന്റെ ഗ്രേഡിങ് ‘തേർഡ് ബിസിനസ് ക്ലാസിലേക്ക്’ താഴ്ത്തുകയും ചെയ്യും.
പതിനാറാം ദിവസവും വേതനം ലഭിക്കാത്ത സാഹചര്യമുണ്ടായാൽ തൊഴിലാളികൾക്ക് തൊഴിൽ തർക്ക നിയമപ്രകാരം നിയമനടപടികളിലേക്ക് നീങ്ങാം. കൂടാതെ, കൂടുതൽ വർക്ക് പെർമിറ്റുകൾ നിഷേധിക്കപ്പെടുകയും ചെയ്യും.
പ്രധാനമായും 25-ൽ അധികം ജീവനക്കാരുള്ള നിർമ്മാണം, ഗതാഗതം, സ്റ്റോറേജ്, സുരക്ഷ, ക്ലീനിങ്, റിക്രൂട്ട്മെന്റ് മേഖലകളിലാണ് ഈ നിയമങ്ങൾ കൂടുതൽ ബാധകമാവുക. ശമ്പളം മുടങ്ങി ഇരുപത്തിയൊന്നാം ദിവസം പിന്നിട്ടാൽ കനത്ത പിഴയ്ക്കൊപ്പം കേസ് പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറും.
തുടർന്ന്, കുടിശിക ഈടാക്കുന്നതിനായി സ്വത്തുക്കൾ കണ്ടുകെട്ടൽ, യാത്രാ വിലക്ക് ഏർപ്പെടുത്തൽ തുടങ്ങിയ റിക്കവറി നടപടികൾ സ്വീകരിക്കും. മറ്റ് സർക്കാർ ഏജൻസികളോടും നിയമനടപടികൾക്കായി ശുപാർശ ചെയ്യും.
സ്വകാര്യ മേഖലയിലെ എല്ലാ കമ്പനികളും ശമ്പളം നൽകിയതിന്റെ രേഖകൾ തൊഴിൽ മന്ത്രാലയത്തിൽ സമർപ്പിക്കണം. ശമ്പളത്തിന്റെ 85 ശതമാനമെങ്കിലും വിതരണം ചെയ്താൽ ശമ്പളം നൽകിയതായി കണക്കാക്കും.
അതേസമയം, തൊഴിൽ തർക്കം നിലനിൽക്കുന്നവർ, ജോലിയിൽ ഹാജരാകാത്തവർ, വേതനരഹിത അവധിയിലുള്ളവർ എന്നിവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. മൂന്ന് മാസത്തിൽ താഴെയുള്ള ഹൃസ്വകാല വർക്ക് പെർമിറ്റുകൾ, മത്സ്യബന്ധന ബോട്ടുകൾ, പബ്ലിക് ടാക്സി, ബാങ്ക്, ആരാധനാലയങ്ങൾ എന്നിവയെ ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

