
തിരുവനന്തപുരം: പി എസ് സി വെരിഫിക്കേഷന് പോകവെ അപകടത്തില്‍പ്പെട്ട യുവതിക്ക് രക്ഷകരായി അഗ്നിശമന സേന. ഇന്നലെ രാവിലെ പട്ടം പി എസ് സി
ഓഫീസിലേക്ക് മ്യൂസിയം ഡിപ്പാര്‍ട്ട്മെന്റ് ബയോളജിസ്റ്റ് പോസ്റ്റിലേക്കുള്ള സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനായി പോവുകയായിരുന്ന നെയ്യാറ്റിൻകര, അരുവിപ്പുറം സ്വദേശിനിയായ ഗ്രീഷ്മയാണ് അപകടത്തില്‍പ്പെട്ടത്. ഹൗസിങ് ബോർഡ് ജംഗ്ഷനിൽ വച്ച് ഗ്രീഷ്മ സഞ്ചരിച്ച ഡിയോ, കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
അപകടം നടന്ന സ്ഥലത്തിന് സമീപത്തെ അഗ്നിശമന സേനാ ഓഫീസില്‍ നിന്നും അപകടത്തിന്റെ ശബ്ദം കേട്ട് എത്തിയ ഉദ്യോഗസ്ഥർ യുവതിയെ ഫയര്‍ ആന്റ് റെസ്ക്യുവിന്റെ ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചു. എക്സ്റെയും മറ്റ് പരിശോധനകളിലും പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇതിന് ശേഷമാണ് യുവതി താന്‍ പിഎസ്സി വെരിഫിക്കേഷനായി പോവുകയാണെന്ന് ഫയര്‍ ആന്റ് റെസ്ക്യു ഉദ്യോഗസ്ഥരെ അറിയിച്ചത്. മറ്റ് കടമ്പകളെല്ലാം കടന്ന് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് മാത്രമായിരുന്നു ജോലി ലഭിക്കാനായി യുവതിയുടെ മുന്നിലുണ്ടായിരുന്നത്.
വിവരം അറിഞ്ഞ ഫയര്‍ ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഉന്നതോദ്യോഗസ്ഥരുടെ അനുമതിയോടെ യുവതിയെ ആംബുലന്‍സില്‍ പട്ടം പിഎസ്സി ഓഫീസിലേക്ക് നീങ്ങി. ഗ്രീഷ്മ ഉദ്യോഗസ്ഥരോട് വിവരം പറയുമ്പോള്‍ സമയം 9.40. ഗ്രീഷ്മയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാനായി നല്കിയ സമയം 9.45. ഒടുവില്‍ കൃത്യസമയത്ത് തന്നെ ഗ്രീഷ്മയ്ക്ക് പിഎസ്സി ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞു. പിന്നാലെ ഫയര്‍ ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥരും ഗ്രീഷ്മയും പിഎസ്സി ഉദ്യോഗസ്ഥരെ കാര്യങ്ങള്‍ ധരിപ്പിച്ചു. പിഎസ്സി ഓഫീസിലെ വീല്‍ ചെയറില്‍ ഗ്രീഷ്മയെ ഇരുത്തി ഉദ്യോഗസ്ഥര്‍ തന്നെ ഇന്റര്‍വ്യൂ ബോര്‍ഡിന് മുന്നിലെത്തിച്ചു.
ഉദ്യോഗാര്‍ത്ഥിയെ കൃത്യസമയത്ത് എത്തിച്ചതിന് ഫയര്‍ ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥരെ പി എസ് സി ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു. സമയം വൈകിയാല്‍ തനിക്ക് നഷ്ടപ്പെടുമായിരുന്ന ജോലി, സമയോചിതമായ പ്രവര്‍ത്തിയിലൂടെ സുരക്ഷിതമാക്കിയ ഫയര്‍ ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥരോട് ഗ്രീഷ്മയും നന്ദി അറിയിച്ചു. ഫയര്‍ ആന്റ് റസ്ക്യു ഓഫീസര്‍മാരായ വിഷ്ണുനാരായണൻ, ജിനു, ഫയര്‍ ആന്റ് റസ്ക്യു ഓഫീസര്‍ ഡ്രൈവര്‍ ശ്രീരാജ്, വുമണ്‍ ഫയര്‍ ആന്റ് റസ്ക്യു ഓഫീസര്‍മാരായ (ട്രെയിനി) രുമാകൃഷ്ണ, ശരണ്യ, ഹോംഗാര്‍ഡ് സനൽകുമാർ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
Last Updated May 18, 2024, 3:28 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]