
‘അവശ്യകതയാണ് സൃഷ്ടിയുടെ മാതാവ്’ എന്നാണ് പറയാറ്. ഐഐഎം വഡോദരയിലെ വിദ്യാർത്ഥികളും പറയുന്നത് അത് തന്നെ. കാരണം അവരുടെ ഏറ്റവും പുതിയ കണ്ട് പിടിത്തം ഏറ്റവും സഹായകരമാവുന്നത് ചൂട് കാലത്ത് വെയിലേറ്റ് ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാര്‍ക്കാണ്. വഡോദര ട്രാഫിക് പോലീസിനായി ‘എസി ഹെൽമെറ്റു’കൾ തയ്യാറാക്കിയാണ് ഈ വിദ്യാർത്ഥികൾ ലോകത്തിന് മുമ്പിൽ ശ്രദ്ധ നേടുന്നത്.
പൊരിവെയിലത്ത് നടുറോഡിൽ ഡ്യൂട്ടിയിലായിരിക്കുമ്പോൾ ട്രാഫിക് പൊലീസുകാർക്ക് അൽപ്പമൊരു ആശ്വാസമാകാൻ ബാറ്ററികളാൽ പ്രവർത്തിക്കുന്ന എസി ഹെൽമറ്റുകള്‍ക്ക് കഴിയും. ഇതിലും വലിയൊരു സമ്മാനം ട്രാഫിക് പോലീസുകാർക്ക് നല്കാനില്ല. പ്രത്യേകിച്ചും ദിനംപ്രതി ചൂട് കൂടുന്ന ഇക്കാലത്ത്. പൊലീസ് ഉദ്യോഗസ്ഥരുടെ സമർപ്പണത്തിനുള്ള ആദരവാണ് ഈ എസി ഹെൽമറ്റുകളെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
ഇതിനോടകം 450 ഓളം ഉദ്യോഗസ്ഥർക്ക് ഈ ഹെൽമെറ്റ് നൽകിയിട്ടുണ്ടെന്ന് വഡോദര പൊലീസ് വകുപ്പ് അറിയിച്ചു. പകൽ സമയത്ത് റോഡുകളിൽ ട്രാഫിക് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കാണ് ഹെൽമറ്റ് നൽകിയിട്ടുള്ളത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഹെൽമെറ്റ് ശരീര താപനില നിലനിർത്താൻ സഹായിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അവകാശപ്പെട്ടു.
ഇതാദ്യമായല്ല ട്രാഫീക് പൊലീസ് ഉദ്യോഗസ്ഥർക്ക് എസി ഹെൽമറ്റുകൾ വിതരണം ചെയ്യുന്നത്. കഴിഞ്ഞ വർഷം അഹമ്മദാബാദ് ട്രാഫിക് പോലീസും എസി ഹെൽമെറ്റുകളുമായി രംഗത്തെത്തിയിരുന്നു. ഉടൻ തന്നെ, കാൺപൂർ പൊലീസും സംസ്ഥാനത്തുടനീളമുള്ള ഉദ്യോഗസ്ഥർക്ക് ചൂടിൽ നിന്നും മഴയിൽ നിന്നും ആശ്വാസം നൽകാൻ എസി ഹെൽമറ്റുകളെ ആശ്രയിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഒരു പ്ലാസ്റ്റിക് ടോപ്പും ഒരുപോലെയുള്ള ഘടനയും ഉൾപ്പെടുന്നതാണ് ഹെൽമറ്റിന്റെ പ്രധാന ഭാഗം. ഇതിന്റെ ഊർജ്ജ സ്രോതസ്സ് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് അരയിൽ സുഖമായി ധരിക്കാവുന്ന ബാറ്ററി പായ്ക്കാണ്. ഒരു ഫുൾ ചാർജിൽ എട്ട് മണിക്കൂർ വരെ ഫലപ്രദമായി പ്രവർത്തിക്കാൻ ഈ ഹെൽമെറ്റുകൾക്ക് കഴിയും. ചൂടിൽ തണുപ്പിക്കുക മാത്രമല്ല ഈ ഹെൽമറ്റുകൾ ചെയ്യുന്നത്, പൊടിയിൽ നിന്നും ഇത് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നു. ഈ ഹെൽമെറ്റുകൾക്ക് 500 ഗ്രാം ഭാരമുണ്ട്. 12,000 മുതൽ 16,000 വരെയാണ് ഈ എസി ഹെല്‍മറ്റുകളുടെ വില.
Last Updated Apr 18, 2024, 2:22 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]