ന്യൂയോർക്ക്: ലോകകപ്പ് ഫൈനൽ മത്സരത്തിനിടെ അരങ്ങേറുന്ന മെഗാ സംഗീത വിരുന്നിൽ കളിക്കാരുടെ സുരക്ഷ മുൻനിർത്തി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഫിഫ. ഹാഫ് ടൈം ഇടവേള 17 മിനിറ്റിൽ കവിയാൻ പാടില്ലെന്ന് സ്പാനിഷ്, അർജന്റീനൻ ഫുട്ബോൾ അസോസിയേഷനുകളെ ഫിഫ ഔദ്യോഗികമായി അറിയിച്ചു.
സാധാരണ ഫുട്ബോൾ മത്സരങ്ങളിലെ 15 മിനിറ്റ് ഇടവേളയേക്കാൾ രണ്ട് മിനിറ്റ് മാത്രമാണ് അധികമായി അനുവദിച്ചിരിക്കുന്നത്. ഇതിൽ 11 മിനിറ്റ് മാത്രമായിരിക്കും തത്സമയ സംഗീത പരിപാടികൾക്കായി നീക്കിവെക്കുക.
ബാക്കി സമയം മൈതാനത്തെ പുല്ല് നനയ്ക്കുന്നതിനും വേദിയിലെ ക്രമീകരണങ്ങൾ നടത്തുന്നതിനുമായി വിനിയോഗിക്കും. ന്യൂയോർക്കിലെ കാട്ടുതീയെത്തുടർന്നുണ്ടായ പുകപടലങ്ങൾ സൃഷ്ടിച്ച ആശങ്കകൾ നിലനിൽക്കുമ്പോഴും ഫൈനൽ മത്സരം ഗംഭീരമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫിഫ.
താരപ്പൊലിമയോടെ സംഗീത വിരുന്ന്
ഹാഫ് ടൈം ഷോയിൽ ലോകപ്രശസ്തരായ നിരവധി താരങ്ങൾ അണിനിരക്കും. പോപ് താരം ഷക്കീറ, ജസ്റ്റിൻ ബീബർ, മഡോണ, കൊറിയൻ ബാൻഡ് ആയ ബിടിഎസ് എന്നിവർ സംഗീത പരിപാടിക്ക് മാറ്റുകൂട്ടും.
കൂടാതെ ബർണാ ബോയ്, കണ്ടക്ടർ ഗുസ്താവോ ഡുഡാമൽ, കോൾഡ് പ്ലേയുടെ ക്രിസ് മാർട്ടിൻ നയിക്കുന്ന പിഎസ്22 കോറസ് എന്നിവരും വേദിയിലെത്തും. കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഫുട്ബോൾ വികസനത്തിനുമായി 100 ദശലക്ഷം യുഎസ് ഡോളർ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ‘ഫിഫ ഗ്ലോബൽ സിറ്റിസൺ എഡ്യൂക്കേഷൻ ഫണ്ടിന്റെ’ പ്രചാരണാർത്ഥമാണ് ഈ കൂറ്റൻ ഷോ സംഘടിപ്പിക്കുന്നത്.
ഇഫാബ് നിയമങ്ങൾക്കും സുരക്ഷയ്ക്കും മുൻഗണന
രാജ്യാന്തര ഫുട്ബോൾ അസോസിയേഷൻ ബോർഡിന്റെ (ഇഫാബ്) നിയമപ്രകാരം കളിക്കാരുടെ ഫിറ്റ്നസ് കണക്കിലെടുത്ത് ഹാഫ് ടൈം ബ്രേക്ക് 15 മിനിറ്റിൽ കൂടാൻ പാടില്ല. അമേരിക്കൻ സൂപ്പർ ബോൾ മാതൃകയിൽ ഇടവേള 25 മിനിറ്റാക്കി ഉയർത്തണമെന്ന ആവശ്യം നേരത്തെ ഉയർന്നെങ്കിലും, കൂടുതൽ സമയം കളിക്കളത്തിൽ സജീവമല്ലാതെ ഇരിക്കുന്നത് കളിക്കാരുടെ പേശികളെയും ഫിറ്റ്നസിനെയും ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇഫാബ് ഇത് തള്ളുകയായിരുന്നു.
ഇതേ തുടർന്നാണ് ഷോയുടെ സമയം 11 മിനിറ്റാക്കി പരിമിതപ്പെടുത്തി ആകെ ഇടവേള 17 മിനിറ്റിൽ ഒതുക്കാൻ ഫിഫ തീരുമാനിച്ചത്. നാളെ, അതായത് ജൂലൈ 19 ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലിൽ മെസിയുടെ അർജന്റീനയും യമാലിന്റെ സ്പെയിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം നടക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

