പാലക്കാട് ജില്ലയിലെ വിപണിയിൽ നാളികേര വിലയിൽ വൻ വർധന. തമിഴ്നാട്ടിലെ കൊപ്രക്കച്ചവടക്കാർ തേങ്ങ സംഭരിക്കുന്ന വില കുത്തനെ വർധിപ്പിച്ചതോടെയാണ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലനങ്ങൾ ഉണ്ടായിരിക്കുന്നത്.
ഒറ്റ ദിവസം കൊണ്ട് കിലോയ്ക്ക് നാല് രൂപയുടെ വർധനവാണ് മൊത്തവിപണിയിൽ രേഖപ്പെടുത്തിയത്. ഇതോടെ മൊത്തവില 52 മുതൽ 54 രൂപ വരെയായി ഉയർന്നു.
ചില്ലറ വിപണിയിൽ ഒരു കിലോ നാളികേരത്തിന് 60 രൂപ വരെയാണ് നിലവിൽ ഈടാക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി തമിഴ്നാട്ടിൽ നിന്നുള്ള തേങ്ങയുടെ വരവിലും കുറവ് അനുഭവപ്പെടുന്നുണ്ട്.
തമിഴ്നാട്ടിലെ തെങ്ങിൻതോപ്പുകളിൽ നേരിട്ടെത്തി കിലോയ്ക്ക് 50 രൂപ നിരക്കിലാണ് കൊപ്ര വ്യാപാരികൾ തേങ്ങ സംഭരിക്കുന്നത്. ഈ നിരക്കിനേക്കാൾ കൂടുതൽ നൽകിയാൽ മാത്രമേ കേരളത്തിലെ വ്യാപാരികൾക്ക് തമിഴ്നാട്ടിൽ നിന്നും ചരക്ക് ലഭ്യമാകൂ എന്ന സ്ഥിതിയാണുള്ളത്.
തമിഴ്നാട്ടിലെ പൊള്ളാച്ചി, ആനമല, അവിനാശി എന്നീ മേഖലകളിൽ നിന്നാണ് പാലക്കാട് വഴി സംസ്ഥാനത്തേക്ക് ഭൂരിഭാഗം നാളികേരവും എത്തുന്നത്. അതേസമയം, പാലക്കാട് ജില്ലയ്ക്കകത്തു നിന്നുള്ള തേങ്ങയുടെ ലഭ്യത നിലവിൽ കുറവാണ്.
റമദാൻ കാലഘട്ടത്തിന് ശേഷം രാമായണമാസം ആരംഭിച്ചതും നാളികേരത്തിനുള്ള ആവശ്യം വർധിക്കാൻ കാരണമായിട്ടുണ്ട്. വരാനിരിക്കുന്ന ഓണക്കാലം കൂടി കണക്കിലെടുക്കുമ്പോൾ വിപണിയിൽ ആവശ്യക്കാർ വർധിക്കുമെന്നും, നിലവിലെ ഉയർന്ന വില തുടരാനാണ് സാധ്യതയെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
ഏപ്രിൽ പകുതിക്ക് ശേഷം ജില്ലയിൽ നാളികേരവില 50 രൂപയ്ക്ക് മുകളിലേക്ക് ഉയർന്നിരുന്നില്ല. കഴിഞ്ഞ കാലയളവിൽ മൊത്തവില 35 രൂപ വരെ താഴ്ന്ന അവസ്ഥയും വിപണിയിൽ ഉണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

