ഇന്ത്യൻ ഓഹരി വിപണി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) കളമൊരുങ്ങുന്നു. 30,000 കോടി രൂപ സമാഹരണം ലക്ഷ്യമിട്ടാണ് നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) രംഗത്തെത്തുന്നത്.
ഇതിനായി ആവശ്യമായ കരട് രേഖകൾ (ഡിആർഎച്ച്പി) വിപണി നിയന്ത്രകരായ സെബിക്ക് കമ്പനി കൈമാറി. 2024 ഒക്ടോബറിൽ ഹ്യൂണ്ടായ് മോട്ടർ നടത്തിയ 27,870 കോടി രൂപയുടെ ഐപിഒയെ പിന്തള്ളിയാകും എൻഎസ്ഇയുടെ ഈ മുന്നേറ്റം.
ദീർഘകാലത്തെ കാത്തിരിപ്പ്
2016 മുതൽ ലിസ്റ്റിംഗിനായി പരിശ്രമിക്കുന്ന എൻഎസ്ഇ, അൺലിസ്റ്റഡ് വിപണിയിൽ വൻ ഡിമാൻഡുള്ള ഓഹരിയാണ്. നിയമപരമായ തടസ്സങ്ങളും കൊ-ലോക്കേഷൻ വിവാദങ്ങളും മുൻപ് ഐപിഒ നടപടികൾക്ക് തടസ്സമായിരുന്നു.
നിലവിൽ 1.8 ലക്ഷം ഓഹരി ഉടമകൾ എൻഎസ്ഇക്കുണ്ട്; ഒരു അൺലിസ്റ്റഡ് കമ്പനിയെ സംബന്ധിച്ച് ഇത്രയധികം നിക്ഷേപകരുള്ളത് അപൂർവ്വമാണ്. ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) മാത്രം
പൂർണ്ണമായും ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) രീതിയിലായിരിക്കും ഐപിഒ നടക്കുക.
അതായത്, കമ്പനി പുതിയ ഓഹരികൾ പുറത്തിറക്കുന്നില്ല. പകരം, നിലവിലുള്ള ഓഹരി ഉടമകൾ തങ്ങളുടെ കൈവശമുള്ള ഓഹരികൾ വിൽക്കുകയാണ് ചെയ്യുന്നത്.
അതിനാൽ, ഐപിഒയിലൂടെ ലഭിക്കുന്ന തുക കമ്പനിയുടെ ഖജനാവിലേക്ക് എത്തില്ല. കമ്പനിയുടെ മൊത്തം ഓഹരികളിൽ 6 ശതമാനം അഥവാ 14.89 കോടി ഓഹരികളാണ് ഈ വിൽപനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഓഹരിയൊന്നിന് ഏകദേശം 2,000 രൂപയായിരിക്കും പ്രൈസ് ബാൻഡ് എന്ന് വിലയിരുത്തപ്പെടുന്നു. ബിഎസ്ഇയിലാണ് ഓഹരികൾ ലിസ്റ്റ് ചെയ്യപ്പെടുക.
നേട്ടമുണ്ടാക്കുന്ന പ്രമുഖർ
എസ്ബിഐ, കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്മെന്റ് ബോർഡ്, ബാങ്ക് ഓഫ് ബറോഡ, നാഷണൽ ഇൻഷുറൻസ് കമ്പനി തുടങ്ങിയ 22 പ്രമുഖ നിക്ഷേപകരാണ് ഐപിഒയിലൂടെ തങ്ങളുടെ ഓഹരികൾ വിറ്റഴിക്കുന്നത്. 1992-ൽ 10 രൂപ നിരക്കിൽ എൻഎസ്ഇയിൽ നിക്ഷേപം തുടങ്ങിയ എസ്ബിഐ-ക്ക്, ഓഹരി വിഭജനങ്ങളും ബോണസ് ഇഷ്യൂകളും വഴി ചെലവ് 80 പൈസയായി കുറഞ്ഞിട്ടുണ്ട്.
2,000 രൂപ വില ലഭിക്കുകയാണെങ്കിൽ 4,950 കോടി രൂപയോളം എസ്ബിഐക്ക് ലഭിക്കും. അതേസമയം, ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ഇത്തവണ ഐപിഒയിൽ പങ്കാളികളാകുന്നില്ല.
എന്നാൽ, ഡിമാർട്ട് പ്രൊമോട്ടർ രാധാകിഷൻ ദമാനി, ഹീറോ ഗ്രൂപ്പ് സ്ഥാപകൻ സുനിൽ കാന്ത് മുൻജാൽ, ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ തുടങ്ങിയ വ്യക്തിഗത നിക്ഷേപകർക്ക് ഈ ഓഹരി വിൽപന വലിയ ലാഭമാകും സമ്മാനിക്കുക. സാമ്പത്തിക സ്ഥിതി
2025-26 സാമ്പത്തിക വർഷത്തിൽ 16,061 കോടി രൂപയാണ് എൻഎസ്ഇയുടെ വരുമാനം.
ഇതിൽ 10,302 കോടി രൂപ ലാഭമാണ്. ഡെറിവേറ്റീവ് വ്യാപാരത്തിലെ നിയന്ത്രണങ്ങൾക്കിടയിലും മികച്ച പ്രകടനമാണ് കമ്പനി കാഴ്ചവെക്കുന്നത്.
കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലും ഓഹരിയൊന്നിന് 335 രൂപ വീതം ലാഭവിഹിതം വിതരണം ചെയ്യാൻ എൻഎസ്ഇക്ക് കഴിഞ്ഞിരുന്നു. (നിരാകരണം: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക.)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

