ഇന്ത്യൻ മാമ്പഴങ്ങളിലെ പ്രിയങ്കരമായ കേസർ (Kesar), അമേരിക്കൻ വിപണിയിൽ എത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സാംസ്കാരിക കൈമാറ്റത്തിന്റെയും പുതിയ അധ്യായമായി മാറുന്നു. സിയാറ്റിലിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഈ നേട്ടത്തെ ‘മാംഗോ ഡിപ്ലോമസി’ (മാമ്പഴ നയതന്ത്രം) എന്നാണ് വിശേഷിപ്പിച്ചത്.
അമേരിക്കൻ മാധ്യമമായ ഫോക്സ് 13 ന്യൂസിന്റെ “ഗുഡ് ഡേ സിയാറ്റിൽ” എന്ന ജനപ്രിയ മോണിംഗ് ഷോയിലൂടെയാണ് ഇന്ത്യൻ മാമ്പഴങ്ങളുടെ വരവ് ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യയിലെ വൈവിധ്യമാർന്ന മാമ്പഴങ്ങളെക്കുറിച്ചും അവ അമേരിക്കൻ വിപണിയിലേക്ക് എത്തിയതിനെക്കുറിച്ചുമുള്ള പ്രത്യേക ദൃശ്യങ്ങളും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.
സിയാറ്റിലിലെ ഇന്ത്യൻ കോൺസുൽ ജനറൽ പ്രകാശ് ഗുപ്ത പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. “ഇന്ത്യക്കാർക്ക് മാമ്പഴം വെറുമൊരു ഫലമല്ലെന്നും കുട്ടിക്കാലത്തെ ഓർമ്മകളും കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നു പങ്കിടുന്ന സ്നേഹവമാണെന്നും” അദ്ദേഹം പറഞ്ഞു.
2006-ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ബുഷ് ഇന്ത്യ സന്ദർശിച്ചപ്പോൾ അൽഫോൺസോ മാമ്പഴം രുചിച്ച് അത് ഏറെ പ്രശംസിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു.
ഇതിന്റെ തുടർച്ചയായാണ് 2007 മുതൽ ഇന്ത്യൻ മാമ്പഴങ്ങൾക്ക് അമേരിക്കൻ വിപണിയിലേക്ക് ഔദ്യോഗികമായി വഴിതുറന്നത്. കഴിഞ്ഞ ഒരു വർഷമായി സിയാറ്റിലിൽ ഇന്ത്യൻ മാമ്പഴങ്ങൾക്ക് പ്രചാരം നൽകാൻ കോൺസുലേറ്റ് നിരന്തരമായ ശ്രമങ്ങൾ നടത്തിവരികയായിരുന്നു.
ദശേരി (Dasheri), ചൗസ (Chausa), കേസർ (Kesar), ലാംഗ്ര (Langra) എന്നീ നാല് പ്രീമിയം ഇനം മാമ്പഴങ്ങൾ ഉൾപ്പെടുത്തി കഴിഞ്ഞ വർഷം സംഘടിപ്പിച്ച ‘മാമ്പഴ രുചിമേള’ ഇതിന് നിർണ്ണായകമായി. തദ്ദേശീയരായ വിതരണക്കാരുമായും അമേരിക്കൻ റീട്ടെയിൽ ശൃംഖലകളുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് കേസർ മാമ്പഴം ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്.
ഗ്രേറ്റർ സിയാറ്റിൽ മേഖലയിലെ ഇന്ത്യൻ ഗ്രോസറി സ്റ്റോറുകൾക്ക് പുറമെ, അമേരിക്കയിലെ വൻകിട റീട്ടെയിൽ ശൃംഖലയായ കോസ്റ്റ്കോ (Costco) ഔട്ട്ലെറ്റുകളിലും ഈ വാരത്തോടെ കേസർ മാമ്പഴങ്ങൾ ലഭ്യമാകും.
സിയാറ്റിൽ, കിർക്ക്ലാൻഡ്, റെഡ്മണ്ട് എന്നീ പ്രദേശങ്ങളിലെ കോസ്റ്റ്കോ സ്റ്റോറുകളിലാണ് ആദ്യഘട്ടത്തിൽ ഇവ എത്തുന്നത്. ഇന്ത്യൻ പ്രവാസികൾക്കും തദ്ദേശീയരായ അമേരിക്കൻ ഉപഭോക്താക്കൾക്കും ഇടയിൽ വലിയ ആവേശമാണ് ഈ വാർത്ത സൃഷ്ടിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

